ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.ടൗണിൽ ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിനേക്കാൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ഒരു ഫ്ലാറ്റ് വാങ്ങുക എന്നതാണ്.
അതിനുള്ള പ്രധാന കാരണം സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ചിലവഴിക്കേണ്ടി വരുന്ന വലിയ തുക തന്നെയാണ്.മാത്രമല്ല എല്ലാവിധ സൗകര്യങ്ങളോടും കൂടി ഫ്ലാറ്റ് ജീവിതം ആസ്വദിക്കുകയും ചെയ്യാം.
വീട് നിർമ്മിച്ച് അതിന്റെ മുഴുവൻ ചിലവുകൾക്കും ആവശ്യമായി വരുന്ന തുകയുടെ പകുതി പണം ഉണ്ടെങ്കിൽ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫ്ലാറ്റ് വാങ്ങാൻ സാധിക്കും.
അതേസമയം ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് . അവ നോക്കാത്ത പക്ഷം ഭാവിയിൽ ഫ്ലാറ്റ് മുഴുവനായും പൊളിച്ചു കളയേണ്ട അവസ്ഥ വരെ ഉണ്ടായേക്കാം.
ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.
ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.
പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യം ഫ്ലാറ്റ് വാങ്ങാനായി ചെല്ലുമ്പോൾ അത് നിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയല്ല എങ്കിലും ബിൽഡർമാൻ ഉയർന്ന കൈക്കൂലി നൽകി ശരിയാക്കി വെച്ചിട്ടുണ്ടാകും എന്നതാണ്.
താൽക്കാലികമായി അത്തരം രേഖകൾ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല എങ്കിലും ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വളരെയധികം സൂക്ഷ്മ പരിശോധനകൾ നടത്തുമ്പോൾ മാത്രമാണ് അവയിലുള്ള പാകപ്പിഴകൾ കണ്ടെത്താൻ സാധിക്കുന്നത്.
അപ്പോഴേക്കും ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയിട്ടുമുണ്ടാകും.
ഇടനിലക്കാരെ വെച്ചാണ് ഫ്ലാറ്റ് അന്വേഷിക്കുന്നത് എങ്കിൽ അവ കണ്ട് ഇഷ്ടപ്പെട്ടാലും മറ്റുള്ളവരോടു കൂടി അഭിപ്രായങ്ങൾ ചോദിച്ചതിനു ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.
ഫ്ലാറ്റ് നിലനിൽക്കുന്നത് കൃഷിയിടത്തിലാണ് എങ്കിൽ അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഭാവിയിൽ നേരിടേണ്ടി വന്നേക്കാം. ഭൂമിക്ക് എല്ലാ ബന്ധപ്പെട്ട അധികാരികളിൽ നിന്നും കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം.ഭൂമി നെൽപ്പാടം പോലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എങ്കിൽ നിയമപരമായി അവിടെ കെട്ടിടം പണിയാൻ പല രീതിയിലുള്ള പരിമിതികളും ഉണ്ട്. ഫ്ലാറ്റ് വാങ്ങാനായി ഉദ്ദേശിക്കുന്ന സ്ഥലം ടൗൺ പ്ലാനിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. അതിനായി സ്ഥലം നിൽക്കുന്ന വില്ലേജ് ഓഫീസ്, ലൊക്കേഷൻ നമ്പർ,സർവ്വേ നമ്പർ എന്നിവയെല്ലാം നൽകിയാൽ മതിയാകും.
രേഖകളിൽ പരിശോധിക്കേണ്ട കാര്യങ്ങൾ
ഫ്ലാറ്റ് നിൽക്കുന്ന സ്ഥലം റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമിയിലാണ് ഉള്ളത് എങ്കിൽ ഭാവിയിൽ പൊളിച്ചു മാറ്റൽ ഭീഷണി നേരിടേണ്ടി വരും. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാപ്പിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ പൊളിച്ചുമാറ്റി നൽകേണ്ട അവസ്ഥ ഇപ്പോൾ കാണുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട രേഖകൾ എന്തെങ്കിലും ബിൽഡർമാരുടെ കൈവശം ഉണ്ടെങ്കിൽ അതിന്റെ ഒരു കോപ്പി വാങ്ങി വെക്കുന്നത് നല്ലതാണ്. ഫ്ലാറ്റിലേക്ക് ആവശ്യമായ സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്റ്, പാർക്കിംഗ് സൗകര്യങ്ങൾ, കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഇടം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടോ എന്നത് ഫ്ലാറ്റ് വാങ്ങുന്നതിനു മുൻപ് തന്നെ ചോദിച്ച് ഉറപ്പുവരുത്താവുന്നതാണ്.
വാങ്ങാനായി തീരുമാനിക്കുന്ന സ്ഥലം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നതാണോ എന്ന കാര്യവും ഉറപ്പു വരുത്തണം. തീരദേശ പ്രദേശങ്ങളിൽ ആണ് ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത് എങ്കിൽ ഭാവിയിൽ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ആവശ്യമായ രേഖകൾ കൈവശം വാങ്ങി വയ്ക്കുകയും ചെയ്യാം.അതോടൊപ്പം കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ നിർമ്മാണ പെർമിറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്,ലേ ഔട്ടുമായി ബന്ധപ്പെട്ട അംഗീകാരം എന്നിവ കൂടി പരിശോധിച്ച് നോക്കിയ ശേഷം മാത്രം ഫ്ലാറ്റ് വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ ഇത്തരം
കാര്യങ്ങളിൽ ശ്രദ്ധ നൽകാം.