ഏതൊരു വീടിന്റെയും ബേസ് എന്നു പറയുന്നത് തറ നിർമ്മാണമാണ്. പ്രധാനമായും ചെങ്കല്ല്,കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ തറ നിർമാണം നടത്തുന്നത്.

എന്നാൽ കരിങ്കല്ല് ഉപയോഗപ്പെടുത്തി തറ നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി പലകാര്യങ്ങളും ഉണ്ട്. നിർമ്മാണ സമയത്ത് അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കരിങ്കല്ല് ഉപയോഗിച്ച് തറ നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ തറ പണിയുന്നതിനായി കോൺട്രാക്ട് അല്ലെങ്കിൽ കൂലി വർക്ക് എന്ന രീതിയിൽ നൽകാവുന്നതാണ്.ഈ രണ്ട് രീതി പിന്തുടരുമ്പോഴും കരിങ്കല്ല് ലോഡ് കണക്കിലാണ് ഇറക്കപ്പെടുന്നത്.

ഇവയിൽ തന്നെ ആദ്യത്തെ രീതി ഒരു ലോഡ് കല്ല് തറ ആക്കുന്നതിനുള്ള പൈസ എന്ന രീതിയാണ് നൽകേണ്ടത്. അതിനായി എത്ര ആളെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

രണ്ടാമത്തെ രീതിയായ കൂലിപ്പണി പിന്തുടരുമ്പോൾ എത്ര ദിവസം എടുത്തു കൊണ്ട് പണി പൂർത്തിയാക്കുന്നു എന്നതിനെ അനുസരിച്ച് പണം നൽകേണ്ടി വരും.

കരിങ്കല്ല് ഉപയോഗിച്ച് വീടിന്റെ തറ പണിയുമ്പോൾ പ്ലാനിന് അനുസരിച്ച് തന്നെ നിർമ്മാണം നടത്തുക. പ്ലാൻ വരയ്ക്കുമ്പോൾ നൽകിയിട്ടുള്ള അതേ നീളം, വീതി എന്നിവ ഫോളോ ചെയ്യണം. തറയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഭാവിയിൽ വലിയ രീതിയിൽ ചുമരുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.

ഇപ്പോൾ മിക്ക സ്ഥലങ്ങളിലും തറ ഭാഗങ്ങളിലെ മണ്ണ് കീറുന്നതിനായി ജെസിബി പോലുള്ള വാഹനങ്ങളുടെ സഹായം തേടുന്നുണ്ട്.

മുൻപ് മാന്വൽ ആയി അത് ചെയ്യുമ്പോൾ കൃത്യമായ അളവിൽ തന്നെ മുറിക്ക പെട്ടിരുന്നു. വാഹനങ്ങൾ ഉപയോഗിച്ച് അസ്ഥിവാര ഭാഗങ്ങൾ മുറിക്കുമ്പോൾ അത് കൃത്യമായ സൈസിൽ വരണമെന്നില്ല.

ഇത് അളവുകൾ തെറ്റുന്നതിനും പലപ്പോഴും തറയുടെ അളവുകളിൽ ചെരിവ് വരാനും കാരണമാകും. തറയുടെ ഗ്യാപ്പുകൾ മണ്ണ് ഉപയോഗിച്ച് ഫിൽ ചെയ്യുന്നത് നല്ലതാണ്.

തറ കെട്ടുമ്പോൾ ഒരേ വലിപ്പത്തിലുള്ള കല്ലുകൾ ഉപയോഗിക്കാതെ ചെറുതും വലുതുമായ കല്ലുകൾ മിക്സ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൃത്യമായി കല്ലുകൾ വച്ചുകൊണ്ട് തറ നിർമിക്കുകയാണെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.

മഴക്കാലത്ത് മണ്ണ് വീട്ടിലേക്ക് ഇടിഞ്ഞു വരാതിരിക്കാൻ ചുറ്റുഭാഗവും നല്ലപോലെ ലെവൽ ചെയ്യാനായി ശ്രദ്ധിക്കണം. തറയിൽ ഉണ്ടാകുന്ന ചെറിയ ഹോളുകൾ വഴി ഇഴജന്തുക്കളും മറ്റും വീട്ടിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തറ കെട്ടുമ്പോൾ എവിടെയെങ്കിലും ഗ്യാപ് ഉണ്ടെങ്കിൽ അത് കൃത്യമായി അടയ്ക്കുക.

തറ നിർമാണത്തിന് കല്ലു കൊണ്ടു വരുമ്പോൾ നിർമ്മിക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെ കൊണ്ടുവന്ന് ഇടാനായി ശ്രദ്ധിക്കുക.ഇത് ഫൗണ്ടേഷൻ പണി എളുപ്പത്തിൽ ആക്കുന്നതിനും തറ പണി വേഗം പൂർത്തിയാക്കുന്നതിനും സഹായിക്കും.