പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.വീടിന്റെ മോഡി കൂട്ടാനായി വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
പണ്ടു കാലത്ത് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ച വീടുകൾ തന്നെ നമ്മുടെ നാട്ടിൽ കുറവായിരുന്നു എന്നതാണ് സത്യം.
എന്നാൽ ഇന്ന് പഴയതും പുതിയതുമായ വീടുകൾക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകൾ നോക്കി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും.
വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
പെയിന്റിന്റെ നിറം, ഗുണമേന്മ, അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്നിവയെ പറ്റിയെല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കി തിരഞ്ഞെടുത്തില്ല എങ്കിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം.പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ,അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്.
വീടിന്റെ ആകൃതി, വീട്ടിൽ താമസിക്കുന്നവരുടെ അഭിപ്രായം, കാലാവസ്ഥ എന്നിവയെല്ലാം മനസ്സിലാക്കി വേണം പെയിന്റ് തിരഞ്ഞെടുക്കാൻ.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം നിറങ്ങളോടാണ് ഇപ്പോൾ കൂടുതൽ പേർക്കും താല്പര്യം.
വൈറ്റ് സിമന്റ് അടിച്ച വീടുകളിൽ അത് കണ്ടു മടുത്ത പലരും ഇടക്കാലത്ത് വെച്ച് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെട്ടിരുന്നു.എന്നിരുന്നാലും വീടിന്റെ ഇന്റീരിയറിൽ ഡാർക്ക് നിറങ്ങൾ പരീക്ഷിക്കാൻ ഇപ്പോഴും അധികമാരും ഇഷ്ടപ്പെടുന്നില്ല.
പിങ്ക്, പീച്ച്, ബീജ് പോലുള്ള പേസ്റ്റൽ നിറങ്ങളിൽ തന്നെ വ്യത്യസ്ത ഷേഡുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോൾ ലഭിക്കുന്നുണ്ട്.
എല്ലാ കാലത്തും ഇന്റീരിയറിന് ട്രെൻഡി ലുക്ക് നൽകാൻ ആഷ്, ഗ്രേ പോലുള്ള നിറങ്ങളാണ് നല്ലത്. അതേസമയം കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന റൂമുകളിൽ ഇളം മഞ്ഞ, ലൈറ്റ് പച്ച പോലുള്ള നിറങ്ങളാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്.
വീടിന്റെ എക്സ്റ്റീരിയറിൽ ഒന്നിൽ കൂടുതൽ നിറങ്ങൾ മിക്സ് ആൻഡ് മാച്ച് രീതിയിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ കാഴ്ചയിൽ വീടിന്റെ ആകെ ലുക്കിനെ തന്നെ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
എക്സ്റ്റീറീയറിൽ ഉപയോഗിച്ച പെയിന്റിനോട് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള നിറങ്ങൾ നോക്കി വേണം ഗേയ്റ്റ്, ചുറ്റുമതിൽ എന്നിവയ്ക്കും നൽകാൻ. അങ്ങിനെ ചെയ്യുന്നത് കാഴ്ചയിൽ പ്രത്യേക ഭംഗി വീടിന് നൽകും.
എക്സ്റ്റീരിയർ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.
വീടിന്റെ പുറം ഭിത്തികക്കായി സിമന്റ്, ടെക്സ്ചേർഡ്,എമൽഷൻഎന്നിങ്ങനെ മൂന്ന് രീതിയിലുള്ള പെയിന്റുകളാണ് ഉപയോഗപ്പെടുത്തുന്നത്.
ഇവയിൽ തന്നെ ഗ്ലോസി, സെമി ഗ്ലോസി,മാറ്റ്,സാറ്റിൻ എന്നീ രീതികളാണ് പെയിന്റിന് ഫിനിഷിംഗ് ആയി ഉപയോഗപ്പെടുത്തുന്നത് പെയിന്റ് വെള്ളവുമായി മിക്സ് ചെയ്ത് ഉപയോഗിക്കേണ്ടി വരാത്ത രീതിയിലുള്ളവയാണ് ഓയിൽ ബേസ്ഡ് പെയിന്റുകൾ അഥവാ ലെസ്റ്റർ.
സാധാരണ പെയിന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ഉണങ്ങാൻ കൂടുതൽ സമയം ആവശ്യമായി വരും.
മാത്രമല്ല ഇവയ്ക്ക് ഒരു പ്രത്യേക ഗന്ധവും ഉണ്ട്. സാധാരണ രീതിയിൽ വെള്ളവുമായി മിക്സ് ചെയ്ത് ഉപയോഗിക്കുന്ന പെയിന്റുകൾ എമൽഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചെറിയ രീതിയിലുള്ള കറകളും മറ്റും ഇത്തരം പെയിന്റുകളിൽ നിന്നും കഴുകി കളയാനായി സാധിക്കും. മാത്രമല്ല എക്സ്റ്റീരിയറിൽ എമൽഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പായൽ, പൂപ്പൽ പോലുള്ള ഫംഗസ് ബാധകൾ ഒഴിവാക്കാനും സാധിക്കും.
ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.
ഇഷ്ടമുള്ള ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കുക എന്നതിലല്ല ശ്രദ്ധ നൽകേണ്ടത്.
കാരണം വീടിനകത്തേക്ക് പെയിന്റിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങളാണ് എങ്കിൽ അവ ഇരുട്ട് കൂടുതലുള്ള അവസ്ഥയാണ് ഉണ്ടാക്കുന്നത്.
പ്രധാനമായും എമൽ ഷൻ,ഡിസ്റ്റംബർ, ലെസ്റ്റർ എന്നീ പേരുകളിലാണ് വീടിനകത്ത് ഉപയോഗിക്കുന്ന പെയിന്റുകൾ അറിയപ്പെടുന്നത്.
ഇവയിൽ തന്നെ ചിലവ് ചുരുക്കി പെയിന്റ് അടിക്കാൻ താല്പര്യമുള്ളവർക്ക് കുമ്മായം, വെള്ളം , ചുണ്ണാമ്പ് എന്നിവ കലർത്തി ഉണ്ടാക്കുന്ന ഡിസറ്റബർ അഥവാ വൈറ്റ് വാഷ് രീതി ഉപയോഗപ്പെടുത്താം.
വീടിനകത്ത് സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിലേക്ക് എപ്പോഴും ലൈറ്റ് നിറങ്ങൾ തന്നെ നോക്കി തിരഞ്ഞെടുക്കുക.
ബെഡ്റൂമുകൾക്ക് പിങ്ക് പോലുള്ള നിറങ്ങളും കുട്ടികളുടെ റൂമുകൾക്ക് പിങ്ക്,ബേബി ബ്ലൂ പോലുള്ള നിറങ്ങളുമാണ് കൂടുതൽ അനുയോജ്യം.
എന്നാൽ വീട്ടുകാരുടെ താൽപര്യങ്ങൾ കൂടി മനസ്സിലാക്കി പെയിന്റ് തിരഞ്ഞെടുത്താൽ അടിക്കടി മാറ്റേണ്ട ആവശ്യം വരുന്നില്ല.
പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ. ഒഴിവാക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരുന്നാൽ പെയിന്റിംഗ് ചിലവ് കുറയ്ക്കാനായി സാധിക്കും.