ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.മിക്ക വീടുകളിലും മഴക്കാലത്ത് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.
തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ ആണ് ഭിത്തിയിൽ ഈർപ്പം കാണുന്നത് എങ്കിലും പിന്നീട് അത് കൂടി എല്ലാ ഭാഗത്തേക്കും എത്തുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഭിത്തിയിൽ ഈർപ്പം കെട്ടിനിൽക്കുന്നത് സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് വ്യാപിക്കുമ്പോൾ അത് ഷോക്ക് ഉണ്ടാകുന്നതിന് വരെ കാരണമാകാറുണ്ട്.
മാത്രമല്ല പലപ്പോഴും ചുമരുകൾക്ക് ഭംഗിയില്ലാത്ത അവസ്ഥയും, അടർന്നു വീഴുന്ന അവസ്ഥയും ഉണ്ടാക്കുന്നു.
വീട് പണിയുമ്പോൾ പണിക്കാർക്ക് ഉണ്ടാകുന്ന അശ്രദ്ധയും, അറിവില്ലായ്മയും ഇത്തരത്തിൽ ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്.
വീട് പണിയുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ സാധിക്കും.
അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ
ഭിത്തിയിൽ ഈർപ്പം ഇല്ലാതാക്കുന്നതിന് പലരും ചെയ്യുന്ന കാര്യം വീടിന് മുകളിലായി ഒരു റൂഫിങ് വർക്ക് ചെയ്യുക എന്നതാണ്. എന്നാൽ ഇത് ഫലപ്രദമായ ഒരു മാർഗ്ഗം അല്ല.
പലപ്പോഴും ഇത്തരത്തിൽ ഷീറ്റ് അല്ലെങ്കിൽ ടാർപോളിൻ ഉപയോഗപ്പെടുത്തി ഈർപ്പം വരുന്ന ഭാഗം മാത്രം മറച്ചു നൽകുന്നത് യാതൊരു തരത്തിലും വീടിന് പ്രയോജനം ചെയ്യില്ല.
വെള്ളം കെട്ടിനിന്ന് ഭിത്തിയിൽ നിന്നും പെയിന്റ്, പുട്ടി എന്നിവ അടർന്നു പോകുന്ന അവസ്ഥ ഡാംനെസ്സ് എന്നാണ് അറിയപ്പെടുന്നത്.
വീടിന്റെ കോൺക്രീറ്റ്, സൺഷേഡ്, വാർപ്പ് എന്നിവിടങ്ങളിൽ വരുന്ന ചെറിയ വിള്ളലുകൾ ആണ് പിന്നീട്വലുതായി ഭിത്തി മുഴുവനായും അടർന്നു വരുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. ചെറിയ വിടവിലൂടെ വരുന്ന വെള്ളം ഭിത്തിയിലൂടെ ഊർന്ന് ഇറങ്ങി ഈർപ്പമായി കെട്ടി നിൽക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. എപ്പോഴും ചുമരുകളിൽ കാണുന്ന ചെറിയ സുഷിരങ്ങൾ വഴി പോലും വെള്ളം ആഴ്ന്നിറങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട ഇടങ്ങൾ
ഭിത്തികളിൽ ഈർപ്പം കാണുന്നുണ്ടെങ്കിൽ ആദ്യം ചെക്ക് ചെയ്യേണ്ട സ്ഥലം പ്ലംബിങ് പൈപ്പുകൾ വീടിന്റെ പുറം ഭാഗം വഴി പോകുന്ന സ്ഥലങ്ങളാണ്. അതായത് പ്ലംബിങ് പൈപ്പുകൾ കൺസീൽഡ് ചെയ്ത് ജോയിന്റ് ആകുന്ന ഭാഗങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൺസീൽഡ് പ്ലംബിങ് വർക്കുകൾ ചെയ്തതിനു ശേഷമാണ് വീടിന്റെ എക്സ്റ്റീരിയർ പൈപ്പുകൾ നൽകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ചെറിയ രീതിയിലുള്ള ഗ്യാപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. എക്സ്റ്റീരിയർ പ്ലാസ്റ്ററിംഗ് മുഴുവനായും ചെയ്തതിനു ശേഷം മാത്രമാണ് മിക്ക വീടുകളിലും എക്സ്റ്റീരിയർ പ്ലംബിങ് വർക്കുകൾ സ്റ്റാർട്ട് ചെയ്യുന്നത്.
പ്ലംബിങ് വർക്കുകൾക്ക് വേണ്ടി ഭിത്തികൾ തുളക്കുകയോ പൊട്ടിക്കുകയോ ചെയ്യുന്നുണ്ട് എങ്കിൽ ആ വർക്ക് ചെയ്തതിനു ശേഷം കൃത്യമായി അടയ്ക്കാനായി ശ്രദ്ധിക്കണം. അതായത് പൊട്ടിച്ച ശേഷം ചെയ്യുന്ന റീ പാച്ച് വർക്കുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. കോൺക്രീറ്റ് ലൂസ് ആയി നിൽക്കുന്ന ഭാഗങ്ങൾ പൂർണമായും പൊട്ടിച്ചു കളയുക, തുടർന്ന് അവിടെ അടിഞ്ഞു നിൽക്കുന്ന പൊടി ക്ലീൻ ചെയ്യുക, ശക്തമായി വെള്ളമടിച്ച് പൊടി മുഴുവനായും കളഞ്ഞതിനു ശേഷം പാച്ച് വർക്കുകൾ ചെയ്യാവുന്നതാണ്. തുടർന്ന് ഏതെങ്കിലും ഒരു വാട്ടർപ്രൂഫിങ് കോമ്പൗണ്ട് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.
വാട്ടർ പ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കുമ്പോൾ
വ്യത്യസ്ത ബ്രാൻഡുകളുടെ വാട്ടർപ്രൂഫിങ് ഏജന്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.SBR ആഡ് ചെയ്ത് വരുന്ന വാട്ടർപ്രൂഫ് ഏജന്റ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. വാട്ടർപ്രൂഫിങ് തിരഞ്ഞെടുക്കുമ്പോൾ കെമിക്കൽ നൽകുന്ന രീതിയിലുള്ള ഒരു ഏജന്റ് തന്നെ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.
മാത്രമല്ല ഏതെങ്കിലും പെയിന്റ് കമ്പനികൾ വിതരണം ചെയ്യുന്ന വാട്ടർപ്രൂഫിങ് ഏജന്റ് ഉപയോഗപ്പെടുത്താതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ഹാർഡ്വെയർ ഷോപ്പുകളിൽ ചോദിച്ച് മനസ്സിലാക്കിയ ശേഷം തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് സ്വന്തമായി ചെയ്യാൻ സാധിക്കുമെങ്കിലും എപ്പോഴും എക്സ്പെർട്ട് ആയ ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് നല്ലത്. ടെറസിന് മുകളിൽ ഡാമേജ് ഉണ്ടെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതിന് മുൻപായി പ്രഷർ ഗ്രൗട്ടിങ് ചെയ്യേണ്ടതുണ്ട്. അത് എക്സ്പോർട്ട് ആയ ആളുകളെ കണ്ടെത്തിയാൽ നല്ല രീതിയിൽ ചെയ്തു തരും.
ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് വഴി വീടിന്റെ ഭിത്തിയിൽ ഉണ്ടാകുന്ന ഈർപ്പം ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും.