പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.കേരളത്തിന്റെ ഭൂപ്രകൃതി തന്നെ പച്ചപ്പിന് പ്രാധാന്യം നൽകുന്നതാണ്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് മലയാളികൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. ചെടികളും,പൂക്കളും, പക്ഷികളും നിറഞ്ഞ പൂന്തോട്ടം ഒരുക്കുക എന്നത് പലരുടെയും സ്വപ്നമായിരിക്കും.
എന്നാൽ ഇന്നത്തെ സാഹചര്യം വെച്ച് കുറഞ്ഞ സ്ഥല പരിമിതിയും,ചെടികൾ വച്ചു പിടിപ്പിക്കാനുള്ള സ്ഥലം ഇല്ലാത്തതും മിക്ക വീടുകളിലും പച്ചപ്പ് കുറയുന്നതിനുള്ള കാരണങ്ങളായി മാറുന്നു.
രണ്ടോ,മൂന്നോ സെന്റ് സ്ഥലത്ത് മാത്രം പണിയുന്ന വീടുകൾക്ക് പൂന്തോട്ടവും പച്ചപ്പും അന്യമായി കൊണ്ടിരിക്കുമ്പോൾ ഏതൊരു ചെറിയ സ്ഥലത്തേയും പൂങ്കാവനമാക്കി മാറ്റാൻ പലതുണ്ട് വഴികൾ.
ഇന്ന് മിക്ക വീടുകളിലും കണ്ടു കൊണ്ടിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ കൊണ്ട് പാകിയ മുറ്റവും, കൃത്യമായ രീതിയിൽ വച്ച് പിടിപ്പിക്കാത്ത ആർട്ടിഫിഷ്യൽ ഗ്രാസും വീടിന് ഭംഗി യേക്കാൾ കൂടുതൽ അഭംഗിയാണ് നൽകുന്നത് എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല.
മാത്രമല്ല ഇത്തരം അബദ്ധങ്ങൾ വീടിനെ വലിയ രീതിയിൽ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ മാറുകയും ചെയ്യാറുണ്ട്.
പച്ചപ്പിന് പ്രാധാന്യം നൽകി പൂർണമായും പ്രകൃതിയോട് ഇണക്കി വീടിന് മുറ്റം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.
വളരെ ചെറിയ ഒരു പ്ലോട്ട് ആണ് വീട് നിർമിക്കാനായി തിരഞ്ഞെടുക്കുന്നത് എങ്കിലും അവിടെ ഒരു മരമെങ്കിലും ഉണ്ടെങ്കിൽ അത് അവശേഷിപ്പിക്കാനായി ശ്രമിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. ഇന്ന് കൂടുതലായും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നം ശുദ്ധവായുവും ആവശ്യത്തിന് ഓക്സിജനും പ്രകൃതിയിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ്. മരങ്ങൾ വീടിനോടു ചേർന്ന് നൽകിയാൽ പച്ചപ്പ് മാത്രമല്ല ലഭിക്കുന്നത് മറിച്ച് ഓക്സിജന്റെ അളവ് കൂട്ടുന്നതിനും സഹായിക്കും.
പ്രകൃതി രമണീയതയ്ക്ക് ഒട്ടും കോട്ടം വരുത്താതെ തന്നെ മുറ്റവും നാച്ചുറലായി അണിയിച്ചൊരുക്കാൻ സാധിക്കും.
ലാൻഡ്സ്കേപ്പിങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പുൽത്തകിടികൾ ആർട്ടിഫിഷ്യൽ ആയി മാത്രമല്ല നാച്ചുറൽ രീതിയിലും സെറ്റ് ചെയ്ത് എടുക്കാനായി സാധിക്കും.
ഇങ്ങിനെ ചെയ്യുന്നത് വഴി മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഇല്ലാതാക്കാനും വെള്ളം സ്വാഭാവികമായി തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെന്ന് ഉറവകൾ സൃഷ്ടിക്കാനും സഹായിക്കും.
ഇന്റർലോക്ക് കട്ടകൾ പാകി നൽകുന്നത് പൂർണമായും ഒരു തെറ്റാണ് എന്ന് പറയാൻ സാധിക്കില്ല, ശരിയായ രീതിയിൽ നൽകുകയാണെങ്കിൽ ദൂഷ്യവശങ്ങൾ അധികം ഉണ്ടാകാത്ത രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇന്റർലോക്ക് കട്ടകൾ പാകുമ്പോൾ
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പരസ്പരം ലോക്കായി നിൽക്കുന്ന ഇന്റർലോക്ക് കട്ടകൾ ആവശ്യമുള്ള ഭാഗങ്ങളിലും അല്ലാത്തിടത്തും നിറച്ചു നൽകുക എന്നതല്ല ഉദ്ദേശിക്കുന്നത്.
പലപ്പോഴും മുറ്റം മുഴുവൻ ഇന്റർലോക്ക് കട്ടകൾ കൊണ്ട് നിറക്കുമ്പോൾ അവ വീട്ടിനകത്തേക്ക് കൂടുതൽ ചൂട് നൽകുകയാണ് ചെയ്യുന്നത്.
കാഴ്ചയിൽ കുറച്ചുകാലത്തേക്ക് വൃത്തിയും ഭംഗിയും തോന്നുമെങ്കിലും ഇവ കൃത്യമായി മെയിൻറ്റൈൻ ചെയ്തില്ല എങ്കിൽ മുറ്റം മുഴുവൻ പായലും പൂപ്പലും കൊണ്ട് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
പണ്ടുകാലത്തെ മണ്ണ് ഇട്ട മുറ്റങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങി പോകാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു.
എന്നാൽ അവക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ പാകുന്നത് വഴി സംഭവിക്കുന്നത്. ഇന്റർലോക്ക് കട്ടകൾ മുറ്റത്ത് പാകുമ്പോൾ വെള്ളം ഒഴുകി പോകാൻ ഒരു ഡ്രൈനേജ് സിസ്റ്റം നൽകാനായി ശ്രദ്ധിക്കുക.
വെള്ളം മണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് ഇറങ്ങി പോകുന്ന രീതിയിൽ വേണം സെറ്റ് ചെയ്ത് നൽകാൻ.
അതല്ലാതെ മഴവെള്ളം നേരിട്ട് റോഡിലേക്ക് പോകുന്ന രീതിയിൽ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റർലോക്ക് കട്ടകൾ പൂർണ്ണമായും ലോക്ക് ചെയ്യപ്പെടാതെ അവയ്ക്കിടയിൽ ചെറിയ രീതിയിലുള്ള ഗ്യാപ്പ് നൽകാനായി ശ്രദ്ധിക്കണം.
ടൈൽ പതിപ്പിക്കാൻ കോൺക്രീറ്റ് ചെയ്യുന്നതിന് പകരമായി ചെറിയ മെറ്റൽ അല്ലെങ്കിൽ എംസാൻഡ് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.
പ്രകൃതിയോട് ഇണക്കാൻ
പ്രകൃതിയോട് പൂർണ്ണമായും ഇണക്കി ഒരു മുറ്റം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്റർലോക്ക് കട്ടകൾക്ക് പകരം നാച്ചുറൽ, കോട്ട സ്റ്റോണുകൾ ഉപയോഗപ്പെടുത്താം.കോബിൾ സ്റ്റോൺ, കടപ്പ, ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകൾ നല്ല ക്വാളിറ്റിയിൽ ഉള്ളവ തന്നെ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. മാത്രമല്ല ടെറാകോട്ട, ചെങ്കല്ല് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ടൈലുകളും മുറ്റത്ത് വിരിക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവയ്ക്കിടയിൽ വരുന്ന ഭാഗങ്ങളിൽ ആർട്ടിഫിഷ്യൽ ഗ്രാസിന് പകരമായി നാച്ചുറൽ ഗ്രാസ് തന്നെ ഉപയോഗപ്പെടുത്തി കൃത്യമായി പരിപാലിച്ച് കൊണ്ടു പോകാവുന്നതാണ്. പൂന്തോട്ടം ഒരുക്കുമ്പോൾ നാടൻ ചെടികൾക്ക് പ്രാധാന്യം നൽകാവുന്നതാണ്. നമ്മുടെ നാട്ടിൽ കൂടുതലായും കണ്ടുവരുന്ന ചെത്തി, തുമ്പ, ചെമ്പരത്തി പോലുള്ള ചെടികൾ എല്ലാകാലത്തും പൂക്കുകയും നാച്ചുറൽ ആയി തന്നെ ഭംഗി നൽകുകയും ചെയ്യുന്നു.
എല്ലാ ദിവസവും ചെടിക്ക് വെള്ളം നൽകി പരിപാലിക്കാൻ സമയം ഇല്ലാത്തവർ നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. പുൽത്തകിടി സെറ്റ് ചെയ്തു നൽകാൻ നാടൻ ഇനങ്ങളിൽ പെട്ട കറുക പോലുള്ള പുല്ല് ഉപയോഗപ്പെടുത്താം.മറ്റൊരു മികച്ച ഓപ്ഷനാണ് ബഫലോ ഗ്രാസ് . പൂന്തോട്ടം ഒരുക്കി കഴിഞ്ഞാൽ അവ കൃത്യമായി പരിപാലിക്കുകയും ചെയ്യണം. ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ രണ്ട് രീതികൾ പിന്തുടരാവുന്നതാണ്. ഹെവി ലാൻഡ്സ്കേപ്പിങ് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പ്രത്യേകമായി നടപ്പാത സജ്ജീകരിച്ച ലാൻഡ്സ്കേപ്പിങ് നൽകി വാട്ടർ ഫൗണ്ടൻ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതേസമയം നോർമൽ ലാൻഡ്സ്കേപ്പിങ് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട് നിർമ്മാണത്തിനായി ഉപയോഗിച്ച പാഴ്വസ്തുക്കൾ പോലും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മുറ്റമൊരുക്കാൻ സാധിക്കും.
പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ ചുറ്റുമതിലും ഗേറ്റും
വീടിന്റെ മുറ്റമൊരുക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഭാഗങ്ങൾ തന്നെയാണ് ചുറ്റുമതിലും ഗേറ്റും. ചെറിയ പ്ലോട്ടിൽ നിർമ്മിച്ച വീടാണ് എങ്കിലും ഒരു ചുറ്റു മുതൽ നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. മതിലിനോട് ചേർന്ന് ബാംബു അലങ്കാരത്തിനായി ഉപയോഗപ്പെടുന്ന ഈന്തപ്പനകൾ എന്നിവ നൽകിയാൽ വീടിന് ഒരു പ്രത്യേക ലുക്ക് ലഭിക്കുമെന്ന് മാത്രമല്ല അത് വീട്ടിലേക്ക് വരുന്നവരെ പച്ചപ്പിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു പ്രതീതിയും ഉണ്ടാക്കുന്നു.
മറ്റൊരു പ്രധാന കാര്യം ചുറ്റുമതിലിനും വീടിനും അനുയോജ്യമായ രീതിയിൽ തന്നെ വേണം ഗേറ്റ് തിരഞ്ഞെടുക്കാൻ.പല വീടുകളും കാഴ്ചയിൽ വളരെയധികം ഭംഗി തോന്നുമെങ്കിലും അവിടേക്ക് പ്രവേശിക്കാൻ ഉള്ള ഭാഗത്ത് നൽകുന്ന ഗേറ്റുകൾ പലപ്പോഴും അത്രത്തോളം ഭംഗിയുള്ളത് ആയിരിക്കില്ല.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗമായ ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ അത് വീടിന്റെ അലങ്കാരത്തിന്റെ കൂടി ഭാഗമാക്കാവുന്ന രീതിയിൽ തിരഞ്ഞെടുക്കാം.
പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകാം.