ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ്, വീട് വെയ്ക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം വീടുനിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.
വീട്ടിലുള്ളവരുടെ അഭിപ്രായം ചോദിച്ച് ഒരു വീട് നിർമ്മിക്കുമ്പോൾ മാത്രമാണ് അത് പൂർണ അർത്ഥത്തിലുള്ള ഒരു വീടായി മാറുന്നുള്ളൂ.
വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്ലാൻ വരച്ച് വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകേണ്ട നിരവധി കാര്യങ്ങളുണ്ട്. പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.
1) പ്ലോട്ട് സ്കെച്ച്
വീട് വെയ്ക്കുന്നതിന് ആവശ്യമായ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പ്ലോട്ടിന്റെ സ്ഥലം, ഷേപ്പ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്ലോട്ട് സ്കെച്ച് നിർബന്ധമായും ഉണ്ടായിരിക്കണം.പലപ്പോഴും ആധാരത്തിനൊപ്പം പ്ലോട്ട് സ്കെച്ച് ഉണ്ടാകാറുണ്ട്.
എന്നാൽ ദാനം കിട്ടിയ ഭൂമിയിൽ ആണ് വീട് വയ്ക്കുന്നത് എങ്കിൽ പ്ലോട്ട് സ്കെച്ച് ഉണ്ടാകാനുള്ള സാധ്യതയില്ല.ഇത്തരം സാഹചര്യത്തിൽ ഒരു സർവേയറുടെ സഹായതോടെ പ്ലോട്ട് സ്കെച്ച് വരച്ച് വാങ്ങാവുന്നതാണ്.
വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിനോട് ചേർന്ന് കിണർ, പാറക്കെട്ടുകൾ എന്നിവ ഉണ്ടെങ്കിൽ അവ നിർബന്ധമായും പ്ലോട്ട് സ്കെച്ചിൽ ഉൾപ്പെടുത്തണം. പ്ലോട്ടിന കത്ത് ഫലവൃക്ഷങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാൽ അവ നഷ്ടപ്പെടാത്ത രീതിയിൽ പ്ലാൻ വരക്കാം.
2) സ്ഥലം കണക്കാക്കേണ്ട രീതി
1 cent=435.6 സ്ക്വയർ ഫീറ്റ് എന്ന കണക്കാണ് സ്ഥലം അളക്കുന്നതിനായി ഉപയോഗിക്കുന്നത്. അതനുസരിച്ച് ആകെ ഉള്ള സെന്റ് സ്ക്വയർഫീറ്റ് അളവിൽ കണക്കാക്കാൻ സാധിക്കും.
തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെ 60 ശതമാനം മാത്രമാണ് വീട് നിർമിക്കാനായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ബാക്കി വരുന്ന ഭാഗം വീടിന്റെ സെറ്റ് ബാക്ക് ആയി ഒഴിച്ച് ഇടേണ്ടി വരും.
3) വീടിന്റെ ആവശ്യകത യ്ക്ക് പ്രാധാന്യം നൽകാം.
ഏതൊരു വീടിനെ സംബന്ധിച്ചും ആവശ്യമായി വരുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിഗണിക്കുക. ഒരു സാധാരണ വീട്ടിൽ ഉൾപ്പെടുത്തേണ്ട ഭാഗങ്ങൾ സിറ്റൗട്ട്, ലിവിങ് ഏരിയ, പ്രയർ ഏരിയ, കിച്ചൻ, ഡൈനിങ് ഏരിയ,മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ബാത്റൂം എന്നിവയെല്ലാമാണ്.
അതോടൊപ്പം തന്നെ ലിവിങ് ഏരിയയിൽ ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നതിനുള്ള സ്ഥലം, സെപ്പറേഷൻ നൽകുന്നുണ്ടെങ്കിൽ അത് എന്നിവയെല്ലാം പ്ലാനിൽ ഉൾപ്പെടുത്തണം. വീടിന്റെ ഓരോ മുറിയും പ്ലാൻ ചെയ്യുന്നതിനു മുൻപായി അതിനാവശ്യമായ ബഡ്ജറ്റ് കയ്യിൽ ഉണ്ടോ എന്ന കാര്യംകൃത്യമായി അറിഞ്ഞിരിക്കുക.
4) റൂമുകളുടെ വലിപ്പം നിശ്ചയിക്കുമ്പോൾ
നമ്മൾ പലപ്പോഴും മറ്റു വീടുകളിൽ പോകുമ്പോൾ കാണുന്ന സൗകര്യങ്ങളും അസൗകര്യങ്ങളും ഓർത്തെടുത്തു കൊണ്ട് വീടിനകം പ്ലാൻ ചെയ്യാം. കിച്ചൻ,ഡൈനിങ് ഏരിയ ബെഡ്റൂം എന്നിവയ്ക്ക് കൂടുതൽ വലിപ്പം ലഭിക്കുന്ന രീതിയിൽ പ്ലാൻ ചെയ്യാവുന്നതാണ്.
അതേസമയം ലിവിങ് ഏരിയ, ടിവി യൂണിറ്റ്, പ്രയർ ഏരിയ ഭാഗങ്ങളിൽ സ്പേസ് കുറച്ച് കുറവാണ് എങ്കിലും കുഴപ്പമില്ല.
ഫ്ലോറിങ്ങിനായി 1 ടൈൽ എടുക്കുമ്പോൾ പോലും നാല് സ്ക്വയർഫീറ്റ് കണക്കിലാണ് ആവശ്യമായി വരുന്നത്. അത്തരത്തിൽ ചെറുതും വലുതുമായ പല ചിലവുകളും വീട് നിർമ്മാണത്തിൽ മുൻകൂട്ടി പ്രതീക്ഷിക്കേണ്ടതുണ്ട്.
പ്ലാൻ ചെയ്തത് അനുസരിച്ച് നിർമ്മിക്കുന്ന വീട്ടിൽ എല്ലാ ആളുകൾക്കും നല്ല രീതിയിൽ സ്ഥലം ലഭിക്കുമോ എന്നതിനെ പറ്റി കൃത്യമായി ചിന്തിച്ചു വേണം റൂമുകൾക്കുള്ള സ്ഥലം തിരഞ്ഞെടുക്കാൻ.
5) പ്രൈവസിക്കും പ്രാധാന്യം നൽകാം.
ബെഡ്റൂമുകൾ ബാത്ത്റൂമുകൾ എന്നിവ ഡിസൈൻ ചെയ്യുമ്പോൾ കൂടുതൽ പ്രൈവസി ലഭിക്കുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ.
അതായത് പുറത്തു നിന്നും ഒരാൾ നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ അത് നിങ്ങളുടെ സ്വകാര്യതയെ ഒരു കാരണവശാലും ബാധിക്കാത്ത രീതിയിലുള്ള പ്ലാനിൽ വേണം വീട് നിർമ്മിക്കുന്നത്.
റൂമുകൾക്ക് പ്രധാനമായും വീടിന്റെ കോർണർ പൊസിഷനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ലിവിങ് റൂമിൽ നിന്നും ബെഡ്റൂം വാതിലുകൾ ഹൈഡ് ചെയ്തു വയ്ക്കുന്ന രീതിയിൽ നൽകുന്നതും കൂടുതൽ പ്രൈവസി ഉറപ്പാക്കുന്നു.
6) സേഫ്റ്റിക്ക് നൽകാം പ്രത്യേക ശ്രദ്ധ.
മിക്ക വീടുകളിലും ഓപ്പൺ കോർട്യാർഡ് രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഓപ്പൺ ടെറസിലേക്ക് പ്രവേശിക്കുന്നതിനായി ഗ്ലാസ് പാർട്ടീഷനുകൾ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധ നൽകണം. അതു പോലെ വീടിനോട് ചേർന്ന് സ്വിമ്മിംഗ് പൂളുകൾ നൽകുന്നുണ്ടെങ്കിലും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് കാലാവസ്ഥ വ്യതിയാനങ്ങളും. മഴ,വെയിൽ എന്നിവയെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന രീതിയിൽ വേണം വീട് നിർമിക്കാൻ.
അതല്ല എങ്കിൽ മഴക്കാലത്ത് വീടുകളിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
വ്യത്യസ്ത രീതിയിലുള്ള എലവേഷനുകൾ നൽകുമ്പോൾ അത് വീടിനു അനുയോജ്യമാണോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഒരു പ്ലാൻ വരയ്ക്കുകയാണെങ്കിൽ പിന്നീട് വീടിന്റെ സ്ഥലപരിമിതി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.