വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ്, ചിലവിനെ പറ്റിയുള്ള ധാരണ, പണം കണ്ടെത്തേണ്ട രീതി എന്നിങ്ങനെ വീട് പണിയിലെ ഓരോഘട്ടത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്.
മനസ്സിൽ ആഗ്രഹിക്കുന്ന വീട് പൂർണ്ണ അർത്ഥത്തിൽ ലഭിക്കണമെങ്കിൽ അതിനാവശ്യമായ തയ്യാറെടുപ്പുകളും ആവശ്യമാണ്.
എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളെ പറ്റി യാതൊരുവിധ ചിന്തയുമില്ലാതെ വീട് പണി തുടങ്ങുകയും പിന്നീട് പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്യുന്നത് മലയാളികൾക്കിടയിൽ പലപ്പോഴും ഒരു പതിവു കാഴ്ചയാണ്.
വീടുപണിയിൽ കൂടുതൽ പേരും പ്രധാനമായും ആവർത്തിക്കുന്ന 5 അബദ്ധങ്ങളെ പറ്റി മനസിലാക്കാം.
1) വീട് പണി ഏതെങ്കിലും ഒരു ബിൽഡറെയോ, എഞ്ചിനീയറെയോ കണ്ണടച്ച് എൽപ്പിക്കാം.
വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ നാട്ടിൽ ഒരു വീട് വക്കാൻ ആഗ്രഹിക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങളിൽ ഒന്നാണ് ഇത്.
കുടുംബക്കാരെയോ കൂട്ടുകാരെയോ വീടുപണി ഏൽപ്പിക്കുകയും അവർ ഏതെങ്കിലുമൊരു ബിൽഡറെയോ, കോൺട്രാക്ടറെയോ കണ്ടെത്തി വീട് നിർമിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
തുടർന്ന് വീട്ടുടമയുടെ ആവശ്യം എന്താണോ അത് കൃത്യമായി മനസിലാക്കാതെ ഏതെങ്കിലും ഒരു എൻജിനീയർ ,കോൺട്രാക്ടർ അല്ലെങ്കിൽ ബിൽഡർക്ക് പണി ഏൽപ്പിച്ചു നൽകുന്നു.
പിന്നീട് വീടുപണിയുടെ വിവരങ്ങൾ വാട്സ്ആപ്പ് വഴിയായിരിക്കും വീട്ടുടമ അറിയുക. എന്നു മാത്രമല്ല ഇത്തരത്തിൽ ഷെയർ ചെയ്യുന്ന പ്ലാൻ കൃത്യമായി പലപ്പോഴും വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് മനസ്സിലാകില്ല.
അതുകൊണ്ടുതന്നെ പണി തുടർന്നു കൊള്ളാൻ വീട്ടുകാരുടെ പക്കൽ നിന്നും നിർദ്ദേശം ലഭിക്കുകയും അതനുസരിച്ച് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
പലപ്പോഴും ബിൽഡർമാർ ത്രീഡി ചിത്രങ്ങൾ ആയിരിക്കും വീട്ടുടമയ്ക്ക് അയച്ച് നൽകുന്നത്.
ഇത് കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുക യും അതിന്റെ അന്തിമഫലം സാമ്പത്തിക നഷ്ടവുമായിരിക്കും.
അതുകൊണ്ടുതന്നെ വീട്ടുടമയുടെ പൂർണ്ണ മേൽനോട്ടത്തിൽ മാത്രം വീടിന്റെ പ്ലാൻ മുതൽ, അന്തിമ ഘട്ടം വരെ പൂർത്തിയാക്കുക എന്നതാണ് ഉചിതമായ തീരുമാനം.
എന്നുമാത്രമല്ല പ്രൊഫഷണലായ ആളുകളെ കണ്ടെത്തി വീടുപണി ഏൽപിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.
2) വീടിന്റെ പുറംമോടിക്ക് പ്രാധാന്യം നൽകുക. അകത്ത് ആവശ്യത്തിന് സൗകര്യവും ഉണ്ടായിരിക്കില്ല.
മിക്ക മലയാളികളും വീടിനെ ആഡംബര ത്തിന്റെ പര്യായമായി കാണുന്നുണ്ടോ എന്നത് ഒരു സംശയമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ വീടിന്റെ പുറംമോടിക്ക് കൂടുതൽ ശ്രദ്ധ നൽകുകയാണ് പലരും ചെയ്യുന്നത്.
പുറത്തു നിന്നു നോക്കുമ്പോൾ ഒരു സുന്ദര ഭവനം ആണെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്നതിനായി ആവശ്യമില്ലാത്ത വാളുകൾ,ക്ലാഡിങ്ങുകൾ, തൂണുകൾ എന്നിവ നൽകുകയും അതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ലാത്ത അവസ്ഥയും വരാറുണ്ട്.
ചരിഞ്ഞ രീതിയിലുള്ള എലിവേഷൻ, ഷോ വാൾ എന്നിവ നൽകുമ്പോൾ അത് ആവശ്യമാണോ എന്ന് കാര്യം ചിന്തിക്കണം.
പലപ്പോഴും വീടിന് പുറത്ത് മോടി കൂട്ടുമ്പോൾ അതു വീടിന് അകത്തെ സൗകര്യങ്ങൾ കുറക്കുന്നതിനു കാരണമാകാറുണ്ട്.
മറ്റുള്ളവർക്ക് മുമ്പിൽ പൊങ്ങച്ചം കാണിക്കുന്നതിന് വീടിന്റെ പുറം ഭാഗം ഭംഗിയാക്കി അകത്തെ സൗകര്യങ്ങൾ കുറക്കുന്നതിൽ കാര്യമില്ല
.വീടിനെ പറ്റി പൊങ്ങച്ചം പറയുന്ന പലരും നിർമാണ തുകയുടെ 40% പുറം മോടിക്ക് വേണ്ടി ചിലവഴിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
അതായത് ഒറ്റനോട്ടത്തിൽ മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ഉദ്ദേശം.
അത്തരം അബദ്ധങ്ങൾ ചെയ്യുന്നതു വഴി വീട് മെയിൻറ്റൈൻ ചെയ്ത് പോകാനും വളരെ പാടാണ്. വീടിന്റെ സ്പേസ് ക്വാളിറ്റി നില നിർത്തുക എന്നതിലാണ് പ്രാധാന്യം.
എന്നുവച്ച് യാതൊരുവിധ മോടിയും നൽകാതെ വീട് പണിയണം എന്നല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള രീതിയിൽ ആർച്ചുകൾ, ഷോ വാൾ എന്നിവ വീടിനു നൽകി എങ്ങിനെ ഭംഗിയാക്കാം എന്നതിലാണ് കാര്യം.
3) വീടിന്റെ സ്ക്വയർഫീറ്റിനെ പറ്റി കൃത്യമായ ധാരണ ഇല്ലാത്ത അവസ്ഥ.
വീട് നിർമിക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റിൽ നിർമിക്കുന്നു എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു സാധാരണ രീതിയിലുള്ള കുടുംബത്തിന് ജീവിക്കാൻ വെറും 800 സ്ക്വയർ ഫീറ്റ് സ്ഥലം മാത്രമാണ് ആവശ്യമായി വരുന്നത് എന്ന് പറയപ്പെടുന്നു.
അതുകൊണ്ടുതന്നെ അതിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചു കൊണ്ട് നിർമിക്കുന്ന വീട് വീട്ടിലെ അംഗങ്ങളുടെ എണ്ണത്തെ അനുസരിച്ചായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഒരാവശ്യവുമില്ലാതെ വീടിന്റെ കുറെ ഭാഗം ഒഴിച്ച് ഇടുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല.
മാത്രമല്ല ഇത് വീടിന്റെ നിർമ്മാണ ചിലവ് കൂട്ടുന്നതിനും കാരണമാകുന്നു. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ലേബർ കോസ്റ്റ് എന്നിവ കൂട്ടുന്നതിന് ഇത് കാരണമായേക്കും.
വീടുപണി യെ പറ്റി പുറത്തു വരുന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ അഞ്ചുവർഷം മുമ്പ് 20 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീട് ഇന്ന് നിർമ്മിക്കണമെങ്കിൽ 30 ലക്ഷം രൂപ ചിലവ് വരുമെന്നാണ് പറയപ്പെടുന്നത്.
അതായത് ഏകദേശം പത്ത് ലക്ഷം രൂപയാണ് ഇവിടെ അധിക ചിലവായി വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സാധാരണ വീടിന് എല്ലാ ചിലവുകളും ഉൾപ്പെടുത്തി ഒരു സ്ക്വയർ ഫീറ്റിന് നൽകേണ്ടിവരുന്നത് 1500 രൂപ നിരക്കിലാണ്.
അതേസമയം ആഡംബരം കൂട്ടി ഒരു വീട് പണിയുമ്പോൾ ഒരു സ്ക്വയർഫീറ്റിന് മാത്രം നൽകേണ്ടി വരുന്നത് 2500 രൂപ നിരക്കിൽ ആയിരിക്കും.
വരും കാലങ്ങളിൽ ഇത് കൂടുകയല്ലാതെ കുറയില്ല. അതുകൊണ്ടുതന്നെ വീട്ടിൽ ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി 500 സ്ക്വയർ ഫീറ്റ് ഒഴിവാക്കിയാൽ തന്നെ ലാഭിക്കാൻ സാധിക്കുക പത്തുലക്ഷം രൂപയുടെ അടുത്താണ്.
ആവശ്യമില്ലാതെ മുറിയുടെ വലിപ്പം കൂട്ടുന്നതിന് പകരമായി അവ എങ്ങിനെ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിനെ പറ്റി ചിന്തിക്കുക.
4) അനാവശ്യമായ ആഡംബര വസ്തുക്കളുടെ ഉപയോഗം
വീട്ടിനകത്തേക്ക് പ്രവേശിക്കുന്ന ഒരാൾക്ക് വീട് കാണുമ്പോൾ ആശ്ചര്യം ഉണ്ടാക്കുക എന്നതാണ് ഇന്ന് പലരും ചിന്തിക്കുന്ന കാര്യം. അതിനായി വില കൂടിയ ആഡംബര വസ്തുക്കളും ആർട്ടുകളും വാങ്ങി വീടിനകം നിറയ്ക്കുക എന്നതാണ് പലരുടെയും ശൈലി.
ഇതേ രീതിയിൽ ആഡംബരം കാണിക്കുന്നതിന് വോൾ ലൈറ്റുകൾ,സീലിംഗ് വർക്കുകൾ,ഷാൻലിയർ പോലുള്ളവ കൂടി വീട്ടിനകത്ത് സ്ഥാപിക്കുന്നതോടെ കറണ്ട് ബില്ല് കുത്തനെ വർധിക്കുമെന്നല്ലാതെ മറ്റ് ഗുണങ്ങൾ ഒന്നും തന്നെയില്ല.
ഇല്ലാത്ത കാശു കൊടുത്ത് വില കൂടിയ ലൈറ്റുകൾ വാങ്ങി വീട്ടിൽ സ്ഥാപിക്കുമ്പോൾ അവ ഉണ്ടാക്കുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല ഊർജ്ജ നഷ്ടം കൂടിയാണ് എന്ന കാര്യം മനസ്സിലാക്കുക.
5) ഒന്നിൽ കൂടുതൽ അടുക്കളകൾ നൽകുന്ന രീതി.
ഇന്ന് മിക്ക വീടുകളിലും ഒന്നിൽ കൂടുതൽ അടുക്കളകൾ നൽകുന്നുണ്ട്. ഇത് കൊണ്ട് പ്രത്യേകിച്ച് വല്ല ഗുണമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നത് തന്നെയാണ് ഉത്തരം.അവക്ക് പുറമെ ഒരു വർക്ക് ഏരിയ കൂടി നിർബന്ധമാണ് മിക്കവർക്കും.
സാധാരണ ഒരു കിച്ചൻ പൂർണമായും സെറ്റ് ചെയ്ത് വരുമ്പോൾ തന്നെ വലിയ ഒരു തുക ചിലവഴിക്കേണ്ടി വരുമ്പോഴാണ് അതോടൊപ്പം ഒരു ഷോ കിച്ചൻ കൂടി നൽകുന്നത്.
എന്നാൽ ആവശ്യം അറിഞ് ഒരു കിച്ചൻ സെറ്റ് ചെയ്യുക. അവ കൂടുതൽ വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കുക എന്നതിലാണ് കാര്യം. ആവശ്യമെങ്കിൽ ഒരു വർക്ക് ഏരിയ കൂടി സെറ്റ് ചെയ്ത് നൽകുന്നതിൽ തെറ്റില്ല.
നമ്മൾ ജീവിക്കുന്ന വീട് എങ്ങിനെ വേണം എന്നത് നമ്മുടെ മാത്രം ചോയ്സ് ആണ്. അതു കൊണ്ട് ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കിയാൽ ലാഭവും നമുക്ക് തന്നെയാണ് എന്ന കാര്യം പ്രത്യേകം ഓർത്തിരിക്കുക.