വീട്ടിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണം വീട് നിർമ്മിക്കാൻ.എല്ലാവര്ക്കും പിന്തുടരാൻ കഴിയുന്ന നല്ല ഒരു മാതൃക ഇതാ
ഒരു വീടെന്ന സ്വപ്നം മൊട്ടിട്ടു തുടങ്ങുമ്പോഴേ, നല്ലൊരു വീടിനും പ്ലാനിനും ഉള്ള തിരച്ചിലായി. ബഡ്ജറ്റ് വീട് കണ്ടാലോ ഉടനെ നമ്പർ എടുത്ത് വീട് പണിതവരെ വിളിക്കലായി.
പരിമിത ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് സർവ്വ ആവശ്യങ്ങളും ആഗ്രഹങ്ങളും നിവർത്തിക്കണം എന്നാണ് ആദ്യത്തെ ആവശ്യം തന്നെ.
എന്നാൽ അതിനു പിറകിലെ സത്യാവസ്ഥ എന്തെന്നും, ചിലവ് കുറച്ച രീതികൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംഷ ഉള്ളവർ വളരെ ചുരുക്കം.
ഒരു വീട് എന്നാൽ സ്വന്തം ജീവിത ശൈലിയോട് പൊരുത്തപ്പെട്ടു പോകാൻ പാകത്തിനാവണം പണിയേണ്ടത് എന്നാണ് ഈ വീടിന്റെ ശില്പി രാധാകൃഷ്ണൻ പറയുന്നത്.
വീട്ടിൽ താമസിക്കുന്നവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞുവേണം ഓരോ സ്പേസും ഒരുക്കേണ്ടത് എന്നു അദ്ദേഹം എടുത്തു പറയുന്നു. ഇവിടെ സ്വന്തം മാതാപിതാക്കൾക്കായി ഡിസൈൻ ഡിസൈൻ ചെയ്ത വീടിന്റെ വിശേഷങ്ങൾ വീടിന്റെ ശിൽപി കൂടിയായ രാധാകൃഷ്ണൻ പറയുന്നു.
ആവശ്യങ്ങൾ മനസ്സിലാക്കി നിർമ്മിക്കാം
ഇവിടെ 10 സെന്റ് പ്ലോട്ടിൽ പ്രകൃതി ഒരുക്കിയ സ്വാഭാവിക ഹരിതാഭയുടെ നടുവിലാണ് വീട് വെച്ചിരിക്കുന്നത്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങളെല്ലാം അതേപടി നിലനിർത്തി.
ചതുരാകൃതിയുടെ ചന്തമാണ് എലിവേഷന് നൽകിയത്.
ഹുരുഡിസും, ഇഷ്ടികയും കോൺക്രീറ്റുമെല്ലാം റസ്റ്റിക് ബ്യൂട്ടി പ്രദാനം ചെയ്യുന്നതിനൊപ്പം പ്രകൃതിയുടെ സ്വാഭാവികതയോട് ഇണങ്ങി ചേരുകയും ചെയ്യുന്നു.
നമ്മുടെ പ്രദേശത്ത് നിന്നും ലഭ്യമാകുന്ന നിർമ്മാണ സാമഗ്രികളെ പരമാവധി നമ്മുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ആവശ്യകതയും അനാവശ്യകതയും മനസിലാക്കി മുന്നോട്ട് പോയാൽ തന്നെ നിർമാണ ചിലവ് പകുതിയിലധികം കുറയ്ക്കാമെന്ന് ഈ വീടിന്റെ മാതൃക നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇവിടെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടിയാണ് വീടൊരുക്കിയത്.
അതുകൊണ്ടുതന്നെ അവർക്ക് എളുപ്പം പരിപാലിക്കാവുന്ന സാമഗ്രികൾക്കാണ് നിർമ്മാണത്തിൽ പ്രാധാന്യം നൽകിയത്.
പരിപാലിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലെല്ലാം ഹുരുഡിസാണ് നൽകിയത്. കോൺക്രീറ്റ് അതെ ഫിനിഷിൽ തന്നെ നിലനിർത്തി.
വെളിച്ചം വരുന്നതിനായി ഗ്ലാസിന്റെ ഓപ്പണിങ്ങുകളും വലിയ ജനാലകളും ഏർപ്പെടുത്തി. പുറത്തെ പച്ചപ്പിന്റെ നിറസാനിദ്ധ്യം അകത്തളങ്ങളിലും നൽകി.
വിശാലമായ ഇടങ്ങളും നിറയെ കാറ്റും വെളിച്ചവും പച്ചപ്പും എല്ലാം ഉൾത്തളങ്ങളിൽ സദാ കുളിർമ നിലനിർത്തുന്നു.
വേണ്ടതും വേണ്ടാത്തതും
ലിവിങ്, ഡൈനിങ്, കിച്ചൻ, ഓപ്പൺ കോർട്ട്യാർഡ്, 2 കിടപ്പുമുറികൾ എന്നിങ്ങനെ താഴെ നിലയിലും, അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിങ്ങനെ മുകളിലുമായിട്ടാണ് ഒരുക്കിയിട്ടുള്ളത്.
ധാരാളം ചെടികൾ നട്ടുപിടിപ്പിച്ച ഓപ്പൺ കോർട്ട്യാർഡ് ആണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഡബിൾ ഹൈറ്റ് സ്പേസിലാണ് കോർട്ട്യാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
വീട്ടകങ്ങളിലെ ഏത് സ്പേസിൽ നിന്നും ഈ കോർട്ടിയാർഡിന്റെ കാഴ്ചഭംഗി ആസ്വദിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഈ കോർട്ടിയാർഡിനോട് ചേർന്നുതന്നെയാണ് മുകളിലേക്കുള്ള ഗോവണിയും. ഗോവണിയുടെ സ്‌റ്റെപ്പിന് ആത്തംകുടി ടൈലുകളാണ് ഉപയോഗിച്ചത്
താഴെ നിലയിലെ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ തുറന്ന നയം സ്വീകരിച്ചു കൊണ്ട് ഒരൊറ്റ മൊഡ്യൂളിൽ ഒരുക്കിയത് വ്യത്യസ്തമാണ്.
ഫ്രീ ഫ്ലോയിങ് സ്പേസുകൾ പരസ്പരം ചേർന്നുപോകും വിധം ഏർപ്പെടുത്തി. ഇങ്ങനെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി മാത്രമാണ് ഓരോ ഇടവും ക്രമീകരിച്ചത്.
മുകൾ നിലയിൽ കയറി ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ നിന്നും താഴത്തെ കോർട്ടിയാർഡിലേക്ക് കാഴ്ച എത്തുന്നുണ്ട്. ലിവിങ്ങിൽ നിന്നും 3 സ്റ്റെപ്പ് ഉയർത്തിയാണ് കിടപ്പ് മുറി പണിതത്.
ലളിതമായ ഡിസൈൻ നയങ്ങളിൽ ഊന്നി, സ്വസ്ഥമായി ഉറങ്ങുക എന്ന ആവശ്യം മാത്രം മുൻനിർത്തിയാണ് കിടപ്പ് മുറികൾ ഒരുക്കിയത്.
ശുദ്ധ വായുവിനും വെളിച്ചത്തിനും മുറികളിൽ യഥേഷ്ടം കയറിയിറങ്ങാൻ പാകത്തിനുള്ള ക്രമീകരണങ്ങളും കൊടുത്തു.
ഇങ്ങനെ കണ്ണിനും മനസിനും കുളിർമ നൽകുന്ന ഓരോ ഇടവും ഈ രീതിയിൽ ഒരുക്കി എടുക്കാം നമ്മളുടെ ബഡ്ജറ്റിന് അനുസരിച്ച്. മെറ്റീരിയലുകളെല്ലാം ഏത്, എവിടെ, എങ്ങനെ ഉള്ളതെന്ന് നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിക്കാം.
പ്രാദേശികമായി ലഭ്യമാകുന്ന തടിയും, മണ്ണും. കല്ലും എല്ലാം നിർമ്മാണത്തിനായി ഉപയോഗിക്കാം. ഇങ്ങനെ കൃത്യമായ കണക്കു കൂട്ടലിൽ വേണ്ടതും വേണ്ടാത്തതും തിരിച്ചറിഞ്ഞ് ചെയ്താൽ ഇതുപോലെ കുറഞ്ഞ ചിലവിൽ ഒരു രൂപകൽപന ചെയ്യാൻ സാധ്യമാണ്.
ആവശ്യങ്ങൾ മനസ്സിലാക്കി വീട് നിർമ്മിക്കാനുള്ള ഈ മാതൃക കണ്ടല്ലോ .നിങ്ങളുടെ സ്വപ്നഭവനം ഒരുക്കുമ്പോൾ ഈ ആശയങ്ങൾ പ്രയോജനപ്പെടുത്തൂ