പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.വീട്ടിൽ ഒരു പൂന്തോട്ടം ഒരുക്കാൻ താല്പര്യപ്പെടാത്തവരായി ആരുമുണ്ടാകില്ല.

ഇന്നത്തെ ഫ്ലാറ്റ് ജീവിതത്തിൽ വീട്ടു മുറ്റത്തിന്റെ പ്രാധാന്യം കുറഞ്ഞു തുടങ്ങി എങ്കിലും ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തും, ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിയും ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഒരുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും.

അതേ സമയം എല്ലാ ദിവസവും പൂക്കൾ തരുന്ന ചെടികൾ തിരഞ്ഞെടുത്ത് വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കൃത്യമായ പരിപാലനം, വെള്ളം,വളം എന്നിവ നൽകിയില്ല എങ്കിൽ പൂക്കൾ വിരിയാനും ബുദ്ധിമുട്ടാണ്.

അത്തരം സാഹചര്യങ്ങളിൽ കാഴ്ചയിൽ ഭംഗി നൽകുന്ന ഇല ചെടികൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. ഇലകൾ കൊണ്ട് പൂന്തോട്ടമൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ഫിറ്റോണിയ.

ഒരു നിറത്തിൽ മാത്രം അല്ല ഒന്നിലധികം നിറങ്ങളിൽ ഫിറ്റോണിയ കാണാൻ സാധിക്കും.

മാത്രമല്ല കാടു പിടിച്ചതു പോലെ മുകളിലേക്ക് കൂടുതൽ ഉയരത്തിൽ വളരാതെ തറയിൽ നിന്നും ഒരു നിശ്ചിത ഉയരത്തിൽ മാത്രം വളരുന്നതിനാൽ ചട്ടിയിൽ വളർത്തിയെടുക്കാനും സാധിക്കും.

പൂന്തോട്ടത്തിലേക്ക് ഫിറ്റോണിയ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ തിരഞ്ഞെടുക്കുമ്പോൾ.

നേരിട്ട് മണ്ണിലോ അതല്ല എങ്കിൽ പോട്ടിലോ നട്ടു വളർത്താവുന്ന ഒരു ചെടിയാണ് ഫിറ്റോണിയ. മൊസൈക്ക് പ്ലാന്റ്, നെറ്റ് പ്ലാന്റ്,നർവ് പ്ലാന്റ് എന്നീ പേരുകളിലെല്ലാം ഈ ചെടി അറിയപ്പെടുന്നു.

പൂക്കൾ ഇല്ലാതെ തന്നെ കാഴ്ചയിൽ വിസ്മയം തീർക്കാൻ ഇവയുടെ ഇലകൾക്ക് സാധിക്കും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.

ഇവക്ക് നെർവ് പ്ലാന്റ് എന്ന പേര് വരാനുള്ള പ്രധാന കാരണം ഇലക്കിടയിലൂടെ കാണാവുന്ന ഞരമ്പ് രൂപത്തിലുള്ള ചെറിയ വരകളാണ്.വ്യത്യസ്ത വെറൈറ്റികളിൽ കാണപ്പെടുന്ന ചെടി പച്ച, ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിൽ എല്ലാം കാണാൻ സാധിക്കും.

പൂന്തോട്ടങ്ങളിൽ മാത്രമല്ല വീടിന്റെ ഇന്റീരിയറിന് വേണ്ടിയും ഈ ഒരു ചെടി തിരഞ്ഞെടുക്കാൻ സാധിക്കും. അതിനുള്ള പ്രധാന കാരണം ഇവ കൂടുതൽ ഉയരത്തിൽ വളരില്ല എന്നതും ഇലകൾക്ക് കാഴ്ചയിൽ കൂടുതൽ ഭംഗിയുണ്ട് എന്നതുമാണ്.

പൂക്കൾ അധികം വിരിയാത്ത ചെടി ആയതു കൊണ്ട് തന്നെ വലിയ രീതിയിലുള്ള പരിപാലനം നൽകിയില്ലെങ്കിലും ഇവ വീട്ടിനകത്ത് തഴച്ച് വളരും.

ഇൻഡോർ പ്ലാന്റ് ആയി തിരഞ്ഞെടുക്കുമ്പോൾ

വീട്ടിനകത്തേക്ക് ഫിറ്റോണിയ തിരഞ്ഞെടുക്കുമ്പോൾ അവ പല രീതിയിലും നട്ടുവളർത്താൻ സാധിക്കും. ഹാങ്ങ് ചെയ്യുന്ന പോട്ടുകളിലും, അല്ലാതെയും പ്രത്യേക ഇടങ്ങൾ കണ്ടെത്തി ഇവ സജ്ജീകരിച്ചു നൽകാം.

പരന്ന ഗ്ലാസ് ജാറിൽ ആവശ്യത്തിന് മണ്ണ് നിറച്ചു ടെറാറിയമായും ഇവ സെറ്റ് ചെയ്ത് നൽകാം. ഇലകളിലേക്ക് കൂടുതൽ ചൂട് തട്ടിയാലും വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എങ്കിലും നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഇടങ്ങളിൽ പോട്ട് സെറ്റ് ചെയ്തു നൽകാതിരിക്കുന്നതാണ് നല്ലത്.

ഒരു ബ്രൈറ്റ് ലൈറ്റ് പ്ലാന്റ് എന്ന രീതിയിലാണ് ഫിറ്റോണിയ കൂടുതലായും അറിയപ്പെടുന്നത്.പൂർണ്ണമായും പൂക്കൾ ഇല്ലാത്ത ഒരു ചെടിയാണെന്ന് ഇതിന് വിശേഷിപ്പിക്കാൻ സാധിക്കില്ല.

ഇട തൂർന്ന ഇലകൾക്കിടയിൽ ചെറിയ പൂക്കൾ നല്ല രീതിയിൽ പരിപാലനം നൽകിയാൽ ഉണ്ടാകും.

ഇലയുടെ ഭംഗി കൊണ്ട് ശ്രദ്ധ ആകർഷിക്കുന്ന ഒരു ചെടി ആയതു കൊണ്ട് തന്നെ പൂക്കൾ കട്ട് ചെയ്തു നൽകുന്നതാണ് നല്ലത്. കൂടുതൽ നല്ല രീതിയിൽ ചെടി തഴച്ചു വളരാൻ ചെടി ചട്ടിയിൽ വച്ചു പിടിപ്പിക്കുന്നതാണ് അനുയോജ്യമായ രീതി. അതേസമയം ഒരു കാരണവശാലും ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാനായി അനുവദിക്കരുത്.

അങ്ങിനെ സംഭവിച്ചാൽ ഇവ പെട്ടന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.ചട്ടിയിൽ ചെറിയ രീതിയിൽ ഈർപ്പം എല്ലാ സമയത്തും നില നിൽക്കുന്നത് ഗുണം ചെയ്യും.

ചെടി വളർത്താൻ ആവശ്യമായ പോട്ട് സെറ്റ് ചെയ്യാൻ ഗാർഡൻ സോയിൽ, മണ്ണിര വളം, ചകിരി ചോറ്,ചാണകപ്പൊടി എന്നിവയെല്ലാം ഇട്ട് നൽകണം.

ഇലകൾ കൂടുതൽ ഭംഗിയിൽ നിൽക്കുന്നതിനായി ഒരു ബോട്ടിലിൽ വെള്ളം സ്പ്രേ ചെയ്ത് നൽകുന്നത് ഗുണം ചെയ്യും.

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ചെടിയുടെ തണ്ട്,ഇല എന്നിവ നട്ടു പിടിപ്പിച്ച് നൽകിയാൽ മതി.

ഇൻഡോർ പ്ലാന്റ് രീതിയിൽ ഫിറ്റോണിയ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് കുപ്പിയിൽ വെള്ളം നിറച്ചും ഇവ വളർത്തിയെടുക്കാവുന്നതാണ്.

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ തിരഞ്ഞെടുക്കുന്നതിനു മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.