ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.സിനിമ കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് തീയേറ്ററിൽ പോയി സിനിമ കാണാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഒരു തീയേറ്റർ ഒരുക്കുന്നതിനെപ്പറ്റിയായി പലരുടെയും ചിന്ത.
അതിനായി മികച്ച ക്വാളിറ്റിയിൽ ഉള്ള വലിയ സ്ക്രീൻ,സ്മാർട്ട് ടിവികൾ,സ്പീക്കറുകൾ,സൗണ്ട് ബാറുകൾ എന്നിവ കൂടി അവസരമൊരുക്കിയ തോടെ ഒരു ഹോം തിയേറ്റർ വീട്ടിൽ ഒരുക്കിയാലെന്താ എന്ന ചിന്താഗതിയായി പലർക്കും.
പുതിയ സിനിമകളെല്ലാം OTT പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യാൻ തുടങ്ങിയതോടെ സിനിമാ തീയേറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കാണേണ്ട എന്ന് ചിന്തിച്ച വരും കുറവല്ല.
ഒരു വീട് നിർമ്മിക്കുമ്പോൾ ഹോം തിയേറ്ററിനായി പ്രത്യേക ഇടം മാറ്റി വക്കാൻ ഇന്ന് മിക്ക ആളുകളും ശ്രദ്ധിക്കുന്നുണ്ട്.
കൃത്യമായ അറിവില്ലാതെ ഹോം തിയേറ്റർ നിർമ്മിച്ചാൽ അവ അധിക ചിലവ് ഉണ്ടാക്കുമെന്ന കാര്യവും മറന്നു പോകല്ലേ.
വീട്ടിൽ ഒരു ഹോം തിയേറ്റർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.
മികച്ച ദൃശ്യാനുഭവങ്ങൾ വീട്ടിലൊരുക്കാൻ മലയാളികൾ തയ്യാറെടുത്തു തുടങ്ങി എന്നതിനുള്ള സൂചനയാണ് ഹോം തിയേറ്ററുകളുടെ വളർച്ച.
പുറത്തു വരുന്ന കണക്കുകൾ ശരിയാണ് എങ്കിൽ കോവിഡ് കാലഘട്ടത്തിൽ 62 ശതമാനത്തിലധികം ആളുകൾ വീടുകളിൽ ഹോം തിയേറ്റർ സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്.
അതിനായി ആമസോൺ ഫയർ സ്റ്റിക്ക് പോലുള്ള ആൻഡ്രോയ്ഡ് ഉപകരണങ്ങൾ കൂടി സപ്പോർട്ട് പ്രഖ്യാപിച്ചതോടെ ഒരു പ്രൊജക്ടറിന്റെ സഹായത്തോടു കൂടി ദൃശ്യാനുഭവം ചുമരിലേക്ക് പ്രോജക്ട് ചെയ്യിപ്പിക്കുക എന്ന ആശയത്തിലേക്ക് മിക്ക ആളുകളും എത്തിച്ചേർന്നു.
എന്നാൽ പലരും ചിന്തിക്കുന്ന കാര്യം ഹോം തിയേറ്റർ സെറ്റ് ചെയ്യുന്നതിനായി ഒരുപാട് പണം ചിലവഴിക്കേണ്ടി വരില്ലേ എന്നതാണ്.
ടെക്നോളജി ഇത്രയും വളർന്ന ഈ ഒരു കാലഘട്ടത്തിൽ കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവികളും പ്രൊജക്ടറുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എന്നതാണ് ഇതിനുള്ള ഉത്തരം.
ഹോം തിയേറ്റർ സെറ്റ് ചെയ്യുമ്പോൾ
ഒരു വീട് നിർമ്മിക്കുമ്പോൾ ഹോം തിയേറ്റർ സെറ്റ് ചെയ്യാനായി ഒരു പ്രത്യേക ഇടം മാറ്റി വയ്ക്കാവുന്നതാണ്. ഇവിടെ ഒരു വലിയ സ്ക്രീൻ, അതോടൊപ്പം ഹൈ ഡെഫിനിഷൻ പ്രൊജക്ടർ, സ്പീക്കറുകൾ, ആംബിയൻസ് എന്നിവ കൂടി സെറ്റ് ചെയ്ത് നൽകിയാൽ ഹോം തിയേറ്റർ റെഡി. ഹോം തിയേറ്ററിൽ ഇരുന്ന് സിനിമ കാണാനായി കൂടുതൽ പണം ചിലവഴിക്കാൻ താല്പര്യമുള്ളവർക്ക് അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന ചെയറുകളും അതല്ല എങ്കിൽ വിശാലമായ ഒരു സോഫയും സജ്ജീകരിച്ച് നൽകാം.
ഹോം തിയേറ്ററിന് മികച്ച ശബ്ദാനുഭവം നൽകാൻ താല്പര്യപ്പെടുന്നവർക്ക് ഡോൾബി അറ്റ്മോസ് സ്പീക്കർ ഉൾപ്പെടെ ഏകദേശം നാല് ലക്ഷം രൂപ ചിലവഴിച്ചാൽ ഹോം തിയേറ്റർ സെറ്റ് ചെയ്ത് നൽകാം. ശബ്ദത്തിന്റെ പൂർണ്ണമായ അനുഭവം ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന സ്പീക്കറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. പ്രൊജക്ടറുകൾക്ക് ഏകദേശം 60,000 രൂപയുടെ അടുത്താണ് വില വരുന്നത്. പൂർണമായും ഒരു തിയേറ്റർ എഫക്ട് വീട്ടിൽ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ പോപ്കോൺ മെഷീനുകൾ പോലും ഇവിടെ സജ്ജീകരിച്ചു നൽകാവുന്നതാണ്.
റൂം തിരഞ്ഞെടുക്കുമ്പോൾ
ഹോം തിയേറ്റർ സെറ്റ് ചെയ്യാനായി വളരെ കുറച്ച് സ്ഥലം മാത്രമാണ് ആവശ്യമായി വരുന്നത്. അതുകൊണ്ടു തന്നെ ഫ്ളാറ്റുകളിൽ പോലും വളരെ എളുപ്പത്തിൽ ഇവ സജ്ജീകരിച്ച നൽകാൻ സാധിക്കും. ഒരു ഹോം തിയേറ്റർ സജ്ജീകരിച്ച് നൽകാനാവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലം 150 ചതുരശ്ര അടി ആണ്. ഹോം തിയേറ്റർ സജ്ജീകരിക്കാനായി ലിവിങ് ഏരിയ,അപ്പർ ലിവിങ്, ബാൽക്കണി എന്നിങ്ങനെ എവിടെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
ഏറ്റവും പുതിയ രീതിയിലുള്ള മടക്കി വെക്കാവുന്ന സ്ക്രീനുകളാണ് തിയേറ്റർ സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ആവശ്യം കഴിഞ്ഞാൽ എടുത്തു മാറ്റാനും സാധിക്കും. എന്നാൽ ഫുൾ ഓട്ടോമേഷൻ രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ആക്ടീവ് ലിവിങ് തിയേറ്ററുകൾ തന്നെ സജ്ജീകരിച്ച് നൽകാം. എപ്പോഴാണോ സിനിമ കാണാൻ ആഗ്രഹിക്കുന്നത് ആ സമയത്ത് ഒരു റിമോട്ട് ഉപയോഗപ്പെടുത്തി സ്ക്രീൻ ഓഫ് ചെയ്യാനും തീയേറ്ററുകളിൽ ഉള്ളതു പോലെ ജനാലകളും മറ്റും താനേ അടച്ചു പൂർണമായും ഇരുട്ടുള്ള പ്രതീതി സൃഷ്ടിക്കാനും സാധിക്കും. ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ വലിയ ചിലവ് വരുമെന്ന് ചിന്തിക്കുന്നവർക്ക് വീടിന്റെ ആഡംബര ത്തിനായി മാറ്റി വയ്ക്കുന്ന തുകയിൽ ഒരുഭാഗം മാറ്റിവച്ചാൽ മതിയാകും.
ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.