ഏതൊരു വീടിന്റെയും ഏറ്റവും മർമ്മപ്രധാനമായ ഭാഗമായി അടുക്കളയെ കണക്കാക്കാം. വീട്ടുകാർക്ക് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരിടം എന്നതിലുപരി പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നയാൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിൽ തന്നെയാണ്.
പലപ്പോഴും കൃത്യമായ പ്ലാൻ ഇല്ലാതെ കിച്ചൻ ഡിസൈൻ ചെയ്യുകയും പിന്നീട് സാധനങ്ങൾ നല്ല രീതിയിൽ അറേഞ്ച് ചെയ്തു വെക്കാനുള്ള സ്ഥലം ലഭിക്കാതെ വരികയും ചെയ്യാറുണ്ട്.
അതുകൊണ്ടുതന്നെ കിച്ചണിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തിന് അനുസരിച്ച് കിച്ചൻ ഡിസൈൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
കിച്ചൺ പണിയുമ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ
കിച്ചൺ ഡിസൈനിൽ തന്നെ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.L-ഷേപ്പ്, സ്ക്വയർ ടൈപ്പ് ,നോർമൽ കിച്ചൺ , ഓപ്പൺ കിച്ചൻ എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യാനുസരണം കിച്ചൻ ഡിസൈൻ തിരഞ്ഞെടുക്കാം.
എന്ന് മാത്രമല്ല വീട് നിർമിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട് അനുസരിച്ച് വേണം കിച്ചൺ പ്ലാൻ ചെയ്യാൻ.
അടുക്കള നിർമ്മിക്കുമ്പോൾ നല്ലരീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പലപ്പോഴും കിച്ചൺ പണി മുഴുവൻ കഴിയുമ്പോൾ ആയിരിക്കും ആവശ്യമായ വെന്റിലേഷൻ, ജനാലകൾ എന്നിവ ഇല്ലാത്തത് ശ്രദ്ധയിൽപ്പെടുന്നത്.അതായത് പകൽ സമയത്ത് ലൈറ്റ് ഇല്ലാതെയും വർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിൽ വേണം കിച്ചൻ നിർമ്മിക്കാൻ.
കിച്ചൺ നിർമ്മാണത്തിൽ പലരും ചെയ്യുന്ന അബദ്ധങ്ങൾ
ഇപ്പോൾ മിക്ക വീടുകളിലും കാണുന്ന ഒരു കാര്യമാണ് വിറകടുപ്പ് ഉപയോഗിക്കുന്നില്ല എങ്കിലും ഒന്ന് നിർമ്മിച്ച് ഇടുക എന്നത്. അതു കൊണ്ട് ചിലവ് കൂടും എന്നതല്ലാതെ യാതൊരുവിധ പ്രയോജനവും ഇല്ല.
കൂടുതലായി ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയാണ് പാചകം ചെയ്യുന്നത് എങ്കിൽ വിറകടുപ്പ് ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. അതു പോലെ പല വീടുകളിലും പുകയില്ലാത്ത അടുപ്പുകൾ നിർമ്മിച്ച് ഇടാറുണ്ട്.
എന്നാൽ പിന്നീട് അവ ഉപയോഗിക്കാറുമില്ല. ഇനി അടുപ്പ് നിർബന്ധമാണ് എന്നുണ്ടെങ്കിൽ വീടിനു പുറത്ത് ഒരു അടുപ്പ് നിർമ്മിച്ച് നൽകുന്നതിൽ തെറ്റില്ല. എന്നാൽ അതിനായി അടുക്കളയിൽ വെറുതെ സ്ഥലം കളയേണ്ടതില്ല.
കിച്ചൻ കൗണ്ടറിൽ ഒരു കൗണ്ടർടോപ്പ് സ്ലാബ് നൽകാവുന്നതാണ്. സാധാരണയായി 80 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെ വലിപ്പത്തിലാണ് സ്ലാബുകൾ നിർമ്മിച്ചു നൽകുന്നത്.എന്നാൽ ഉയരം കുറവുള്ള ആളുകൾക്ക് അതനുസരിച്ച് വേണം കൗണ്ടർടോപ്പ് നൽകാൻ.
അടുക്കളയിൽ നൽകുന്ന ഫ്രിഡ്ജ്, അടുപ്പ്, സിങ്ക് എന്നിവ തമ്മിൽ ഒരടി എങ്കിലും അകലം നൽകുന്നതാണ് കൂടുതൽ നല്ലത്.
അല്ലാത്തപക്ഷം പല രീതിയിലുള്ള അപകടങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഓരോന്നിനും ആവശ്യമായ സ്പേസ് കിച്ചൺ നിർമ്മിക്കുമ്പോൾ തന്നെ കണ്ടെത്തുന്നതാണ് കൂടുതൽ ഉചിതം.
പാത്രങ്ങൾ സെറ്റ് ചെയ്യേണ്ട രീതി
പാത്രങ്ങൾ കൃത്യമായി അറേഞ്ച് ചെയ്യുന്നതിനായി പ്രത്യേകം ഷെൽഫുകൾ നൽകാവുന്നതാണ്. അധികമായി ഉപയോഗപ്പെടുത്താത്ത വലിയ പാത്രങ്ങൾ മുകളിൽ ഒരു സ്ലാബ് ഫിറ്റ് ചെയ്ത ഡോറുകൾ നൽകി സ്റ്റോർ ചെയ്യുന്നതാണ് നല്ലത്.
കൂടുതൽ ആളുകൾ ഉള്ള വീടുകളിൽ പാത്രങ്ങളും കൂടുതൽ കഴുകാൻ ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ഡബിൾ മോഡൽ സിങ്ക് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.
സിങ്കിൽ പാത്രങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
അടുക്കള ഭക്ഷണം കഴിക്കുന്നതിനുള്ള ഒരിടമായി കണക്കാക്കുന്നില്ല എങ്കിലും ഒരു നാല് പേർക്കെങ്കിലും ഇരിക്കാവുന്ന രീതിയിൽ ഒരു ടേബിൾ അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി ഡൈനിങ് ടേബിൾ എപ്പോഴും ഉപയോഗപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. ടേബിൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നതിലും ഈ രീതി ഉപകാരപ്പെടും . പച്ചക്കറികൾ കട്ട് ചെയ്യുന്നതിനും മറ്റും അടുക്കളയിലെ ടേബിൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
എല്ലാദിവസവും ഉപയോഗപ്പെടുത്തുന്ന പാചക സംബന്ധമായ സാധനങ്ങൾ ഓപ്പൺ ഷെൽഫിൽ വയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് സാധനങ്ങൾ എടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കും.
അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും തിരഞ്ഞെടുക്കുമ്പോൾ കിച്ചണിൽ നൽകിയ തീമിന് അനുസരിച്ച് തിരഞ്ഞെടുത്താൽ അത് കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കും.
വീട്ടിൽ മോഡുലാർ കിച്ചൻ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കൗണ്ടർടോപ്പ് വാർത്ത് ഇടേണ്ട ആവശ്യമില്ല.
അത് ഇന്റീരിയർ ഡിസൈനിൽ ഉൾപ്പെടുന്ന കാര്യമാണ്. അതല്ല ആദ്യം തന്നെ സ്ലാബ് വാർത്ത് ഇടുകയാണെങ്കിൽ പിന്നീട് അത് പൊളിച്ചു മാറ്റേണ്ട അവസ്ഥ വരാറുണ്ട്.
സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു സ്റ്റോ റൂം നൽകുന്നത് എപ്പോഴും നല്ലതാണ്.
അതല്ല എങ്കിൽ പിന്നീട് പാത്രങ്ങളെല്ലാം അടുക്കി വയ്ക്കാൻ കൃത്യമായ സ്ഥലം ഉണ്ടായിരിക്കുകയില്ല. കരിപിടിച്ച പാത്രങ്ങൾ കഴുകാനായി അടുക്കളയുടെ പുറത്ത് ഒരു സിങ്ക് നൽകുന്നത് കൂടുതൽ നല്ലതാണ്.
ഗ്യാസ് സിലിണ്ടർ പൈപ്പ് കണക്ഷൻ നൽകി അടുക്കളയുടെ പുറത്ത് ഫിറ്റ് ചെയ്യുന്നത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തും.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് വഴി ഒരു പരിധി വരെ അടുക്കള നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന പാകപ്പിഴകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.