ഒരു വർഷത്തിലധികമായി ഓഫീസ് ഇടങ്ങൾ വീടിന്റെ അകത്തളങ്ങളിലേക്ക് മാറിയിട്ട്. ഓഫിസ് അന്തരീക്ഷത്തിലിരുന്ന് സ്വസ്ഥമായി ചെയ്തിരുന്ന ജോലി തികച്ചും വ്യത്യസ്തമായ വീടകത്തിലേയ്ക്ക് ഒതുങ്ങി.
എന്നാൽ വീടിനുള്ളിൽ ഏതെങ്കിലുമൊരു കോർണറിൽ ഇരുന്ന് നിങ്ങളുടെ സിസ്റ്റത്തിൽ ജോലികൾ ഉദ്ദേശിച്ച രീതിയിൽ ചെയ്തു തീർക്കാൻ സാധിക്കുന്നുണ്ടോ?
അന്തരീക്ഷം മാറിയാലും ജോലി പതിവിലധികം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല, കരിയറിൽ പിടിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും സ്വന്തം ഉത്തരവാദിത്തങ്ങൾ ഏറ്റവും നല്ല രീതിയിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
‘ഇല്ല’ എന്ന വളരെ ചെറിയ ഉത്തരമായിരിക്കും മിക്കവരുടേതും. കാരണം ലളിതം, മുകളിൽ പറഞ്ഞ ‘അന്തരീക്ഷം’ തന്നെ .
ലോകത്തിന്റെ ഗതി മാറ്റുന്ന ഈ മഹാമാരിയുടെ കാലത്ത് എങ്ങനെയാണ് ഓഫിസ് അന്തരീക്ഷം തിരിച്ചുപിടിക്കാൻ സാധിക്കുക? സ്വന്തം വീട്ടിൽ തന്നെ ഒരു ഓഫീസ് അന്തരീക്ഷം സെറ്റ് ചെയ്താലോ?
ജോലി ചെയ്യാനുള്ള ആളും ഇന്റർനെറ്റ് കണക്ഷനും മാത്രം പോരാ, ഏറ്റവും നല്ല രീതിയിൽ ജോലി ചെയ്യാൻ, അനുയോജ്യമായ അന്തരീക്ഷവും നിർബന്ധമാണ്.
ചില ചെറിയ മാറ്റങ്ങളിലൂടെ നമുക്കൊരു ഓഫീസ് ഇടം ഒരുക്കിയെടുക്കാം. ഇതാ ചില ആശയങ്ങൾ:
നിറം നൽകാം:
നിങ്ങളുടെ ഇഷ്ട നിറമേതാണ്? ആ നിറത്തിലുള്ള ചുറ്റുപാടിൽ ഇരിക്കുന്നത്നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താറില്ലേ? എങ്കിൽ ഇനി ജോലി ചെയ്യാനായി തിരഞ്ഞെടുത്ത സ്ഥലത്ത് നിങ്ങളുടെ കണ്ണുകൾക്ക് മനോഹരമായി തോന്നുന്ന ആ നിറങ്ങൾ തന്നെ ഉപയോഗിച്ചോളൂ.
ശേഷം ജോലി ചെയ്യൂ, ജോലിയോടുള്ള മടുപ്പ് മാറ്റാനും കൂടുതൽ ഊർജ്ജസ്വലമായ ജോലി ചെയ്യാനും ഈ അന്തരീക്ഷം സഹായിക്കുമെന്നുറപ്പ്.
എങ്കിൽ ഇപ്പോൾ തന്നെ ആ ഇഷ്ടനിറം ഉപയോഗിച്ചോളൂ. ഇല്ലെങ്കിൽ എല്ലായ്പ്പോഴും പോസിറ്റീവ് എനർജി നൽകുന്ന പച്ച, ഇളം നീല, ഇളം ചാര നിറം തുടങ്ങിയവ തിരഞ്ഞെടുക്കാം
ഓഫീസ് ബാക്ക്ഗ്രൗണ്ട്
ജോലി വീട്ടിലേയ്ക്ക് മാറിയതോടെ ഓഫിസ് സംബന്ധമായ മീറ്റിങ്ങുകളും ഓൺലൈൻ വഴി വീട്ടിലേക്ക് എത്തിത്തുടങ്ങി.
അതിനാൽ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ പശ്ചാത്തലം ഏറ്റവും വൃത്തിയുള്ളതും മനോഹരവുമാക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുസ്തകങ്ങൾ അടുക്കി വെച്ച ഷെൽഫ് വൃത്തിയാക്കി വെയ്ക്കാം.
അല്ലെങ്കിൽ അലങ്കാര വസ്തുക്കളോ പ്രത്യേകതയുള്ള ബൾബുകളോ ക്രമീകരിച്ച് അതിന്റെ പശ്ചാത്തലം ഉപയോഗിക്കാം.
ഇക്കോ ഫ്രണ്ട്‌ലി സ്പേസ്:
വീടിന്റെ അകത്തളങ്ങൾ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്നതാണ് ചെറുതും എന്നാൽ മനോഹരവുമായ ചെടികൾ കൊണ്ട് അലങ്കരിക്കുന്നത്.
മനോഹരമായ ബൗളുകളിൽ ഇലകൾ മാത്രമുള്ള കുറ്റിച്ചെടികൾ ഇതിനായി തിരഞ്ഞെടുക്കാം. മരത്തടി, മാർബിൾ,ഗ്ലാസ് പോലുള്ളവ ഉപയോഗിച്ച് ഇന്റീരിയർ ചെയ്യുകയാണെങ്കിൽ കൂടുതൽ ആകർഷകമാക്കാൻ കഴിയും.
സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന രീതിയിൽ ജനാലകളും കർട്ടനുകളും ക്രമീകരിച്ചാൽ ഈ ഇടം ഒരു ഇക്കോ ഫ്രണ്ട്‌ലി പോസിറ്റിവ് സ്‌പേസ് ഒരുക്കിയെടുക്കാം.
ഓഫീസ് ചെറിയ സ്ഥലം മതി:
ഒരു ചെറിയ സ്ഥലം പോലും ഓഫീസ് ആവശ്യത്തിനായി മാറ്റിയെടുക്കാം. ഒരുപക്ഷെ നിങ്ങളുടെ ലിവിങ് ഏരിയയിലോ ഡൈനിങ് ഏരിയയിലോ കാര്യമായി ഉപയോഗിക്കാത്ത ഇടുങ്ങിയ സ്ഥലമാണെങ്കിൽ പോലും അത് ഓഫീസ് ആവശ്യത്തിനായി ഉപയോഗിക്കാം.
ലാപ്ടോപ്പ് വെയ്ക്കുന്നതിനുള്ള സ്ഥലം, അത്യാവശ്യം ഷെൽഫുകൾ, ഇരിപ്പിടത്തിനുള്ള സ്ഥലം, ഫ്ലോർ മാറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്ഥലം ഒരുക്കിയെടുക്കാം.
മോഡേൺ സ്പേസ്:
ജോലിയിൽ ശ്രദ്ധിക്കണമെങ്കിൽ അല്പം മോഡേൺ ടച്ച് ഉള്ള സ്ഥലത്ത് ഇരിക്കണമെന്ന നിർബന്ധം ചിലർക്കെങ്കിലുമുണ്ടാകും.
അങ്ങനെയുള്ളവർ അതിനു അനുയോജ്യമായ മാറ്റങ്ങളാണ് വരുത്തേണ്ടത്. ഫർണിച്ചർ, സ്റ്റോറേജ് സ്പേസ്, ഫ്ലോർ എന്നിവിടങ്ങളിലെല്ലാം ഒരു മോഡേൺ ലുക്ക് നൽകിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഓഫിസ് സ്പേസ് ആകും.
ഫര്ണിച്ചറുകളുടെ ഷേപ്പിൽ ചില മാറ്റങ്ങൾ വരുത്തി മോഡേൺ ടച്ച് നൽകാവുന്നതാണ്. അനാവശ്യ വലിപ്പമില്ലാതെ ചുരുങ്ങിയ രീതിയിൽ എല്ലാം ചെയ്തെടുക്കാം.