വീടിൻറെ സ്ട്രക്ചർ, വയറിങ്, പ്ലംബിങ് എല്ലാം കഴിഞ്ഞാലും പിന്നെയും ശൂന്യമായ ഒരു പറമ്പ് പോലെ മാത്രമേ ഒരു വീട് കിടക്കു. അതിൽ ഫർണിച്ചറുകൾ വരുന്നതുവരെ!!
ഫർണിച്ചറുകൾ വാങ്ങുന്നതിലും സജ്ജീകരിക്കുന്നതിലുമാണ് വീടിൻറെ ബാക്കിയുള്ള അസ്തിത്വം നിലകൊള്ളുന്നത്. ഒരു വീടിൻറെ ഉള്ളറകൾ ഒരുക്കാൻ ഫർണിച്ചറുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 ശതമാനത്തോളമാണ് സോഫ, ഡൈനിങ് ടേബിള്‍, കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫര്‍ണിച്ചറിനായി ചിലവകുന്നത്. ഇതൊരു ചെറിയ തുകയല്ല.
അതിനാൽതന്നെ ഇവയുടെ ശരിയായ വിനിയോഗം നമ്മുടെ വീടിനും താമസ സൗകര്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്.
തടി മുതൽ വെനീര്‍, മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകള്‍കൊണ്ടു ഇന്ന് ഫര്‍ണിച്ചറുകൾ വിപണിയില്‍ നിര്‍മിക്കപ്പെടുന്നുണ്ട്.
എന്നാൽ കണ്ണും പൂട്ടി ഇഷ്ടം പോലെ വാങ്ങാവുന്ന ഒന്നല്ല ഫര്‍ണിച്ചറുകൾ.
നിങ്ങളുടെ ബജറ്റ് എത്ര, എന്തു മെറ്റീരിയലാണു വേണ്ടത്, വീടിന്റെ നിറത്തിനും ആകൃതിക്കും യോജിച്ച ഏതായിരിക്കും, കസ്റ്റമൈസ്ഡ് ഫര്‍ണിച്ചര്‍ ആണോ റെഡിമെയ്ഡ് വേണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ആദ്യം കണ്ടെത്തണം.
വിപണിയില്‍ ഇന്ന് നാല് ലക്ഷം രൂപ വില മതിക്കുന്ന സോഫാ സെറ്റുകൾ മുതൽ ശരാശരി 15,000 രൂപ വരുന്ന സോഫാസെറ്റുകളും ലഭ്യമാണ്. ഇതില്‍ ഏതാണ് നിങ്ങളുടേത് എന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം.
ഇപ്പോൾ പല ഫർണിച്ചർ ഷോപ്പുകളും ഇഎംഐ നൽകുന്നുണ്ട്. ഇത്തരത്തിൽ വാങ്ങേണ്ടത് ആവശ്യമാണോ എന്നും ഉടമ തന്നെ നിശ്ചയിക്കണം
കടകളിൽ പോയി വാങ്ങുന്ന രീതി മറന്നേക്കു
മുൻകാലങ്ങളിൽ ഇടക്ക് വീടിനടുത്തുള്ള കടകളിൽ പോയി അവിടെയുള്ള സ്റ്റോക്കുകളുടെ കൂട്ടത്തിൽ നല്ലതെന്ന് തോന്നുന്ന ഫർണിച്ചർ വാങ്ങുക എന്ന രീതി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് പാടെ മാറി.
ആദ്യം കടകളിൽ പോയി വ്യത്യസ്തമായ സ്റ്റോക്കുകൾ നോക്കി വെക്കുകയും ഓൺലൈനിൽ സമാനമായ ഉൽപ്പന്നത്തിന് വില താരതമ്യം ചെയ്യുകയും ചെയ്യുന്നു. എന്നിട്ട് അവർക്ക് ഇഷ്ടമുള്ള പോലെ കസ്റ്റമൈസ് ചെയ്തോ അല്ലെങ്കിൽ ഓൺലൈനിലൂടെ പോലും ഫർണിച്ചർ വാങ്ങുന്നു.
കട്ടിൽ വാർഡ്രോബ് കാബിനറ്റുകൾ പോലെയുള്ള എല്ലാം കസ്റ്റമൈസ്ഡ് ആയി നിർമ്മിച്ച എടുക്കുകയാണ് നമ്മുടെ നാട്ടിലെ പതിവ്.
മാത്രമല്ല കൈവശമുള്ള പഴയ ഫർണിച്ചർ റീ ഡിസൈൻ ചെയ്യുന്നവരും, ഉപയോഗിച്ച ഫർണിച്ചർ വില്ക്കുന്നവരുടെ കയ്യിൽ നിന്ന് വാങ്ങുന്നവരും വർദ്ധിച് വരുന്നു.
കസ്റ്റമൈസ് ചെയ്തെടുക്കുന്ന ഫർണിച്ചർ ആണ് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരം.
തടി തന്നെ വേണം എന്ന വാശി ഇന്നില്ല
ഫർണിച്ചർ എന്നു കേട്ടാൽ ഉടനെ ഈട്ടിയും തേക്കും ഒക്കെ മനസ്സിലേയ്ക്ക് വന്നിരുന്ന കാലം കഴിഞ്ഞു.
ഇന്നിപ്പോൾ തടിയുടെ നോൺ നാച്ചുറൽ വകഭേദങ്ങൾ വിപണിയെ കൈയടക്കി.
എംഡിഎഫ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ കൊണ്ടുള്ള അലമാരകൾ, മേശകൾ, കസേരകൾ എന്നിവ ഇന്ന് സർവ്വസാധാരണമാണ്.
എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈൻ പ്ലൈ, വെനീർ തുടങ്ങിയ മെറ്റീരിയലുകൾ കൊണ്ട് ഇന്ന് ഒട്ടേറെ ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടുന്നു. ക്യാബിനറ്റുകൾ, വോൾ പാനലിങ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമ്മാണത്തിന് പ്ലൈവുഡ് ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.
മികച്ച രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ ദീർഘകാലം നിലനിൽക്കുന്നവയാണ് ഇവ. സോഫ്റ്റ് വുഡ്, ഹാർഡ് വുഡ്, ഡെക്കറേറ്റീവ്, ട്രോപ്പിക്കൽ, മറൈൻ എന്നിങ്ങനെ അഞ്ചുതരം പ്ലൈവുഡകളുണ്ട്. ബലം, ഈട്, ബജറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ വേണം ഇതിൽ ഏത് പ്ലൈവുഡ് ആണ് വേണ്ടത് എന്ന് തീരുമാനിക്കാൻ.
ഓൺലൈനിൽ വാങ്ങുമ്പോൾ
ഓൺലൈനിൽ വാങ്ങുമ്പോൾ ഒരല്പം കരുതൽ കാണിക്കണം. നേരിട്ട് കണ്ടല്ല പർച്ചേസ് നടത്തുന്നത് എന്നതാണ് ഇതിന്റെ പ്രധാന കാരണം. അബദ്ധം പറ്റാനുള്ള സാധ്യത കൂടുതലാണ്.
സോഫകളും, ബെഡും ഒക്കെ ഓൺലൈൻ വാങ്ങാൻ തീരുമാനിക്കും മുൻപ് അവ വയ്ക്കേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.എന്നിട്ട് ഫർണിച്ചർ സൈസ് ഉറപ്പുവരുത്തണം. വിലയ്ക്ക് പുറമെ ഇവ വീട്ടിൽ എത്തിക്കുന്നതിന് വരുന്ന ചെലവും ആയി താരതമ്യം ചെയ്യുമ്പോൾ നേരിട്ട് വാങ്ങുന്നതാണോ ഉത്തമം എന്ന് പരിശോധിക്കണം.
ഓൺലൈനിൽ ഉള്ള സപ്ലയെഴ്സിനെ കുറിച്ച് നന്നായി പഠിക്കണം. ഏതെങ്കിലും കാരണവശാൽ തിരികെ നൽകേണ്ടി വന്നാൽ അത് തിരിച്ചെടുക്കാൻ തയ്യാറുള്ള സെല്ലർ ആണോ എന്ന് വെരിഫൈ ചെയ്യണം.