ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യമായ ഒരു ഘടകമാണ് ഫർണിച്ചറുകൾ. ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ ഫർണിച്ചറുകൾ വാങ്ങുന്നതിന് വേണ്ടി ഒരു നിശ്ചിത എമൗണ്ട് പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് നല്ലത്.
അല്ലാത്തപക്ഷം പിന്നീട് ഫർണിച്ചറുകൾ വാങ്ങുന്നതിനു വേണ്ടി മാത്രം ഒരു വലിയ തുക ചിലവഴിക്കേണ്ടി വരികയും അതിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യും.
വളരെയധികം ബഡ്ജറ്റ് ഫ്രണ്ട്ലി ആയി എന്നാൽ മോഡേണായ രീതിയിൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ഇന്ന് നമുക്കു മുന്നിലുണ്ട്.
പഴയ കാലത്ത് വീട്ടിലൊരു ആശാരിയെ വിളിപ്പിച്ച് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എല്ലാം നിർമ്മിച്ചു കൊടുക്കുക എന്നതാണ് പലരും തിരഞ്ഞെടുത്തിരുന്നു രീതി.
എന്നാൽ ഇന്ന് മരത്തിന് നൽകേണ്ടി വരുന്ന വിലയും ഓരോ ദിവസത്തെ പണി കൂലിയും കണക്കാക്കുമ്പോൾ ഒരു വലിയ എമൗണ്ട് തന്നെ ഇത്തരത്തിൽ ചിലവഴിക്കേണ്ടി വരും.
അതുകൊണ്ട് വീടുപണി മുഴുവൻ പൂർത്തിയായി ഏതെങ്കിലും ഒരു ഫർണിച്ചർ ഷോപ്പിൽ പോയി ആവശ്യമായവ പർച്ചേസ് ചെയ്യുന്ന രീതിയാണ് ഇന്ന് മിക്ക ആളുകളും പിന്തുടരുന്നത്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഗുണങ്ങളും ദോഷങ്ങളും പലതുണ്ട്. ഫർണിച്ചറുകൾ തിരഞ്ഞെടുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
ചൂരൽ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.
വളരെയധികം ചിലവ് ചുരുക്കി അതേസമയം കൂടുതൽ ഭംഗിയായി തന്നെ ചൂരൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്.
ഓരോ വീടിനും ആവശ്യമായ അളവിൽ ആവശ്യമായ സ്ഥലത്തിന് അനുസരിച്ച് നല്ല ക്വാളിറ്റിയിൽ നിർമ്മിച്ചെടുക്കുന്ന ചൂരൽ ഫർണ്ണിച്ചറുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ് കാഴ്ചയിൽ തന്നെ ലഭിക്കുന്നത്.
ലിവിങ് ഏരിയക്ക് അനുയോജ്യമായ രീതിയിൽ വ്യത്യസ്ത ഡിസൈനുകളിൽ സോഫ കളും,ചെയറുകളും ഇത്തരത്തിൽ നിർമിച്ചെടുക്കാം.
ഇവ തന്നെ എക്സ്പോർട്ടഡ് ക്വാളിറ്റിയിൽ ഉള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്ന ഷോപ്പുകളും നിരവധിയുണ്ട്.
പുറത്തേക്ക് എക്സ്പോർട്ട് ചെയ്യുന്ന ക്വാളിറ്റിയിൽ ഉള്ള ഫർണിച്ചറുകൾ നമ്മുടെ വീടുകളിലേക്ക് പറഞ്ഞു ചെയ്യിപ്പിച്ച് എടുക്കാനും സാധിക്കും.
സോഫകൾ തിരഞ്ഞെടുക്കുമ്പോൾ
വ്യത്യസ്ത മെറ്റീരിയലിലും,ഷേപ്പിലും ഉള്ള സോഫകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.എന്നാൽ സോഫ നേരിട്ട് പോയി ഒരെണ്ണം തിരഞ്ഞെടുക്കുന്നതിന് പകരമായി കസ്റ്റമൈസ് ചെയ്ത് വാങ്ങുന്നതാണ് നല്ലത്.
അങ്ങനെ ചെയ്യുന്നത് വഴി റൂമിന്റെ സൈസ്, ഘടന എന്നിവയ്ക്ക് അനുസൃതമായ രീതിയിൽ സോഫകൾ വാങ്ങാനായി സാധിക്കും.
ഇംപോർട്ടഡ് ക്വാളിറ്റിയിൽ ഉള്ള ഇറ്റാലിയൻ ടൈപ്പ് ഫർണിച്ചറുകളെല്ലാം ഇന്ന് നമ്മുടെ നാട്ടിൽ ചെയ്തെടുക്കാൻ സാധിക്കും.
അതുകൊണ്ടുതന്നെ ഇംപോർട്ടഡ് സോഫകൾ വാങ്ങുന്നതിന് മുൻപായി ഏതെങ്കിലുമൊരു ഫർണിച്ചർ ഷോപ്പുമായി ബന്ധപ്പെട്ട് അവ നിർമ്മിച്ച് നൽകുമോ എന്ന കാര്യം ചോദിച്ച് ഉറപ്പു വരുത്തുക.
സോഫകൾ തിരഞ്ഞെടുക്കുമ്പോൾ അവ മാക്സിമം യൂട്ടിലിറ്റി കിട്ടുന്ന രീതിയിൽ വേണം തിരഞ്ഞെടുക്കാൻ. അത്യാവശ്യം നല്ല ക്വാളിറ്റിയിൽ ഉള്ള ഒരു സോഫ നമ്മുടെ നാട്ടിൽ വാങ്ങുന്നതിന് 15,000 രൂപയുടെ അടുത്ത് മാത്രം തുക ചിലവഴിച്ചാൽ മതി. ആർട്ടിഫിഷ്യൽ ലെതർ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന സോഫ കൾക്ക് അത്യാവശ്യം ക്വാളിറ്റിയും പ്രതീക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ആർട്ടിഫിഷ്യൽ ലെതർ അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.
തടിയിൽ തീർത്ത ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ.
പഴയ രീതി പിന്തുടർന്ന് വീട്ടിലെ ഫർണിച്ചറുകൾ തടിയിൽ തീർത്ത് എടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മഹാഗണി, തേക്ക്, റോസ് വുഡ് പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാം.
ഉയർന്ന വില ഫർണ്ണിച്ചറുകൾക്ക് വേണ്ടി ചിലവഴിക്കാൻ ഉള്ളവർക്ക് തേക്ക്, മഹാഗണി പോലുള്ള തടികളിൽ തീർത്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. അതേ സമയം പ്ലൈവുഡ്, റബ് വുഡ് പോലുള്ള മെറ്റീരിയലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കുറച്ചു കൂടി കുറഞ്ഞചിലവിൽ അത്യാവശ്യം നല്ല ഫിനിഷിങ്ങോടു കൂടി തന്നെ ഫർണിച്ചറുകൾ ലഭിക്കുന്നതാണ്. എന്നാൽ ഏത് മെറ്റീരിയൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുമ്പോഴും റൂമിന്റെ സൈസ് കൃത്യമായി നോക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.
ഡൈനിങ് ഏരിയയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.
ഇപ്പോൾ മിക്ക വീടുകളിലും ഫാമിലി ലിവിങ് ഏരിയ ഡൈനിങ് ആയി സെറ്റ് ചെയ്ത് നൽകിയിട്ടുണ്ടാകും. എന്നാൽ സ്പെയ്സ് കൃത്യമായി യൂട്ടിലൈസ് ചെയ്തു കൊണ്ട് ഇത്തരത്തിൽ ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകുക എന്നതിൽ ആണ് പ്രാധാനം
. ഡൈനിങ് ടേബിൾ എപ്പോഴും വീട്ടിൽ പണിയിക്കുന്നതിനേക്കാൾ നല്ലത് കടയിൽ പോയി ഇഷ്ടാനുസരണം കൃത്യമായ അളവിൽ പർച്ചേസ് ചെയ്യുന്നത് തന്നെയാണ്.
വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഡൈനിങ് ടേബിളിന്റെ വലിപ്പവും നിശ്ചയിക്കാം. സാധാരണ ഒരു കുടുംബത്തിലെ ആളുകൾക്ക് പുറമേ അതിഥികളായി രണ്ടുപേർ കൂടി വരുമ്പോൾ എത്ര സ്ഥലം ആവശ്യമായി വരും എന്നതിനെ അടിസ്ഥാനമാക്കി ഡൈനിങ് ടേബിൾ സെറ്റ് ചെയ്യാവുന്നതാണ്. മാത്രമല്ല ഒരാൾക്ക് ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ ആവശ്യമായ സ്പേസ് കണക്കാക്കി വേണം ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കാൻ. ഏകദേശം 75 സെന്റീമീറ്റർ എന്ന അളവിൽ ആണ് ഇത് കണക്കാക്കുന്നത്. യൂട്ടിലിറ്റി ക്ക് അനുസരിച്ച് ആകണം ഡൈനിങ് ടേബിളിന്റെ വലിപ്പം നിശ്ചയിക്കാൻ.
ബാൽക്കണിയിലേക്ക് ആവശ്യമായ ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ.
അത്യാവശ്യം നല്ല സ്പേസ് ഉള്ള ഒരു ഏരിയ ബാൽക്കണിക്കായി മാറ്റി വെച്ചിട്ടുണ്ടെങ്കിൽ അവിടെ ഒരു ഹാങ് ടൈപ്പ് ചെയർ നൽകാവുന്നതാണ്. അതല്ല എങ്കിൽ ഒരു ചെറിയ കോഫി ടേബിൾ രണ്ടു ചെയറുകൾ എന്നിവ സജ്ജീകരിച്ച് നൽകുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. ഹാങ്ങിങ് ചെയറുകളിൽ തന്നെ കൗച് വരുന്ന രീതിയിൽ ഉള്ളവയും, ചൂരലിൽ നിർമ്മിച്ചവയും വരുന്നുണ്ട്.
ഇവയിൽ നല്ല ക്വാളിറ്റിയിൽ ചൂരലിൽ നിർമ്മിച്ച ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 3000 രൂപയുടെ അടുത്താണ് വില വരുന്നത്. ഇമ്പോർട്ടഡ് ടൈപ്പ് ബാൽക്കണി ഫർണിച്ചറുകൾ തന്നെ ഏകദേശം 5000 രൂപ നിരക്കിൽ സെറ്റ് ചെയ്യാവുന്ന രീതിയിൽ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.കുറച്ചുകൂടി വലിപ്പത്തിൽ ആടുന്ന ചെയറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 12000 രൂപയുടെ അടുത്താണ് വില വരുന്നത്. എന്നാൽ അത്തരം ചെയർ തിരഞ്ഞെടുക്കുന്നതിനു മുൻപായി ആവശ്യമായ സ്പേസ്ബാൽക്കണിയിൽ ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.
ബെഡ്റൂമുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.
ബെഡ്റൂമിൽ ഏറ്റവും പ്രധാനം ബെഡ് തിരഞ്ഞെടുക്കുന്നതാണ്. ഇവ തന്നെ വ്യത്യസ്ത മോഡലിലും ഡിസൈനിലും ഉള്ളത് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബെഡിന് അടിയിൽ സ്റ്റോറേജ് വരുന്ന രീതിയിലുള്ളവ കസ്റ്റമൈസ് ചെയ്ത് കൂടുതൽ ഭംഗിയാക്കാവുന്നതാണ്. അതേ സമയം കുട്ടികളുടെ ബെഡ്റൂമിലേക്ക് ബങ്ക് ടൈപ്പ് ബെഡ് തിരഞ്ഞെടുക്കാം. കട്ടിലിന് കൂടുതൽ വലിപ്പം ആവശ്യമുള്ളവർക്ക് കിംഗ് സൈസ്, കുറച്ചുകൂടി വലിപ്പം കുറവ് ആവശ്യമുള്ളവർക്ക് ക്വീൻ സൈസ് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ഇവ കൂടാതെ തന്നെ ജാപ്പനീസ് മോഡൽ ബെഡുകൾ ഇപ്പോൾ വിപണിയിൽ വളരെയധികം പോപ്പുലറായി വിൽക്കപ്പെടുന്നു.
ഇത്തരത്തിൽ ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളെല്ലാം തിരഞ്ഞെടുക്കുമ്പോൾ കുറച്ച് ശ്രദ്ധ നൽകുകയാണെങ്കിൽ പിന്നീട് അവ മാറ്റേണ്ട ആവശ്യം വരുന്നില്ല.