ഡോറുകൾക്ക് ഡിജിറ്റൽ ലോക്ക് സിസ്റ്റം തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടതെല്ലാം.

കാലം മാറുന്നതിനനുസരിച്ച് വീടുകൾക്കും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു. പഴയ കാലത്ത് തടികളിൽ തീർത്ത ഡോറുകൾ ആണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. അവ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അത്ര മുൻപന്തിയിൽ അല്ല എന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇന്ന് അതിനു പകരമായി സ്റ്റീൽ, UPVC ഡോറുകൾ വന്നിട്ടുണ്ട്. ഇവിടെയെല്ലാം സുരക്ഷിതത്വം നിശ്ചയിക്കുന്നത് അവയിൽ ഉപയോഗിക്കുന്ന ലോക്കുകൾക്ക് അനുസരിച്ചാണ്. ഡോർ നിർമ്മിക്കുന്നത് ഏത് മെറ്റീരിയലിൽ ആയാലും അവയിൽ ഉപയോഗിക്കുന്ന ലോക്ക് ആണ് ആ വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നത്.ഇത്തരത്തിൽ ടെക്നോളജിക്ക് അനുസൃതമായി നിർമ്മിച്ചിട്ടുള്ളവയാണ് ഡിജിറ്റൽ ലോക്കുകൾ. അവയുടെ പ്രത്യേകതകളും, ഗുണദോഷങ്ങളും, മനസ്സിലാക്കാം.

എന്താണ് ഡിജിറ്റൽ ലോക്ക്?

സാധാരണയായി 7 തരത്തിലുള്ള ലോക്കുകൾ ആണ് വീടുകളുടെ ഡോറിൽ ഉപയോഗിക്കുന്നത്.വെർട്ടിക്കൽ,സ്ലൈഡിങ് ഡോറുകൾ ഇവയിൽ ഉൾപ്പെടുന്നുണ്ട് എങ്കിലും ഇവയെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത് താക്കോൽ ഉപയോഗിച്ചു കൊണ്ട് തന്നെയാണ്. അതേ സമയം പൂർണ്ണമായും ടെക്നോളജി ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്നവയാണ് ഡിജിറ്റൽ ലോക്കുകൾ. തിരക്കേറിയ ജീവിതത്തിൽ ഒരു കുടുംബത്തിലെ ഓരോരുത്തരും വീട്ടിലെത്തുന്നത് ഓരോ സമയത്തായിരിക്കും. അത്രയും ആളുകൾക്ക് ആവശ്യമായ കീ നിർമ്മിക്കുക എന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല കീ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെടുകയാണെങ്കിൽ പിന്നീട് ഉള്ള പ്രശ്നങ്ങൾ പറയുകയും വേണ്ട. ഇത്തരം സാഹചര്യത്തിലാണ് ഡിജിറ്റൽ ലോക്കുകളുടെ പ്രാധാന്യം വരുന്നത്.

ഡിജിറ്റൽ ലോക്കുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ തുറക്കുന്നതിനായി താക്കോൽ, കാർഡ്,ഇന്റർനെറ്റ്‌ എന്നിവയിൽ ഏതു രീതി വേണമെങ്കിലും ഉപയോഗപ്പെടുത്താം.എന്നുമാത്രമല്ല ലോകത്തിന്റെ ഏതു കോണിലിരുന്നു വേണമെങ്കിലും വീടിന്റെ ലോക്ക് കണ്ട്രോൾ ചെയ്യാനും സാധിക്കും. നിങ്ങൾ അറിയാതെ നിങ്ങളുടെ വീടിന്റെ ലോക്ക് ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ കണക്ട് ചെയ്ത ഉപകരണത്തിലേക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും. ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയിൽ ഉള്ള ഡിജിറ്റൽ ലോക്ക് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ വീടിന്റെ മുൻ വശത്ത് നിൽക്കുന്നവരെ ക്യാമറ വഴി കാണാനും സാധിക്കും. ഒരു വ്യക്തിക്ക് തന്റെ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ഡോർ ലോക്ക് ചെയ്ത് വെക്കാൻ ഉള്ള സംവിധാനവും ബയോമെട്രിക് ഡിജിറ്റൽ ലോക്കുകളിൽ വരുന്നുണ്ട്.

ഗുണങ്ങൾ

  • ഒന്നിൽ കൂടുതൽ രീതികൾ ഉപയോഗപ്പെടുത്തി ലോക്ക് പ്രവർത്തിപ്പിക്കാം.
  • കൂടുതൽ സുരക്ഷിതത്വം നൽകുന്നു.
  • ബയോമെട്രിക് സംവിധാനം ലോക്ക് സിസ്റ്റത്തിൽ ഉപയോഗപ്പെടുത്താം.
  • ലോകത്ത് എവിടെ ഇരുന്ന് വേണമെങ്കിലും ലോക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കും.
  • ബിൽറ്റ് ഇൻ ആയി തന്നെ വീഡിയോ ഡോർ ഫോൺ ലഭിക്കുന്നതാണ്.

ദോഷങ്ങൾ

  • നമ്പർ ലോക്ക് സിസ്റ്റം ഉപയോഗപ്പെടുത്തുമ്പോൾ അവ കൂടുതൽ സുരക്ഷിതമാണ് എന്ന് പറയാൻ സാധിക്കില്ല. നമ്പർ നോക്കി വെച്ച് മോഷണ ശ്രമങ്ങൾ നടത്താം.
  • ഇവയിൽ ബാറ്ററി ഉപയോഗപ്പെടുത്തിയാണ് ലോക്ക് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവ തീരാറാകുമ്പോൾ നോട്ടിഫിക്കേഷൻ ലഭിച്ചു കൊണ്ടേയിരിക്കും.
  • വളരെയധികം എക്സ്പെൻസീവ് ആയതുകൊണ്ട് തന്നെ മെയിൻറ്റൈൻ ചെയ്യാനും ബുദ്ധിമുട്ടായിരിക്കും.

വീടിന്റെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് കുറച്ച് പണം ചിലവാക്കി ആയാലും സ്മാർട്ട് ലോക്കുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.