സ്ലാബ് വലുപ്പമുള്ള ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്

ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ, വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്.


എന്തിനാണ് വലിയ ടൈൽ ഇടുന്നത് എന്നതിന് വൃത്തിയാക്കൽ എളുപ്പമാക്കാൻ എന്നതാണ് പ്രധാന ഉത്തരം. ജോയിന്റുകൾ കുറഞ്ഞു കാണുമ്പോഴുള്ള ഭംഗിയാണ് മറ്റൊരു പ്രധാനകാര്യം.

കൂടുതൽ ഏരിയയുള്ള മാളുകളും കൺവെൻഷൻ സെന്ററുകളും പോലെയുള്ളിടത്തേക്കാണ് സ്ലാബുകൾ കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും വീടുകളിലും ഇത്തരം ടൈലുകൾ പ്രയോജനപ്പെടുത്താം.

ടൈൽ


1000 X1000 എംഎം, 800 X1600 എംഎം, 1200 X2400 എംഎം, 1700 X 2400 എംഎം എന്നീ വലുപ്പത്തിലുള്ള ടൈലുകൾ മിക്ക ബ്രാൻഡുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. 1000 X 3000 എംഎം വലുപ്പമുള്ള ടൈൽകൾ വരെ വിപണിയിലുണ്ട്.

സ്ലാബ് വലുപ്പത്തിലുള്ള ടൈൽ എല്ലാം താരതമ്യേന കനം കൂടുതലുള്ളവയാകും. വലുപ്പം കൂടുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണല്ലോ. അതിനെ നേരിടാനാണ് കൂടുതൽ കനം. എന്നാൽ മൂന്നു മുതൽ അഞ്ച് എംഎം മാത്രം കനമുള്ള, സ്ലാബ് വലുപ്പമുള്ള ടൈലുകളാണ് പുതിയ ട്രെൻഡ്.


നിലം ലെവൽ ചെയ്യാൻ കൂടുതൽ പരുക്കൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇത്തരം കനം കുറഞ്ഞ ടൈൽ ഉപയോഗിക്കാം. വോൾ ക്ലാഡിങ്ങിനും അനുയോജ്യമാണ്.


വലിയ ടൈലിന് ചതുരശ്രയടിക്ക് കുറഞ്ഞത് 150 രൂപയോളം വിലവരും. ലേബർ കോസ്റ്റും കൂടുതലാണ്. സാധാരണ ടൈൽ പതിക്കാൻ ചതുരശ്രയടിക്ക് 40 രൂപ ചാർജ് ചെയ്യുമ്പോൾ വലിയ ടൈലിന് ചതുരശ്രയടിക്ക് 100 രൂപയോളം ചാർജ് ചെയ്യുന്നുണ്ട്. മാത്രമല്ല, സാധാരണ ടൈൽ പതിക്കാൻ ഒരാൾ മതിയെങ്കിൽ വലിയ ടൈലുകൾ പതിക്കാൻ മൂന്നോ നാലോ ആളുകളുടെ പരിശ്രമം ആവശ്യമാണ്. ഇത് സ്വാഭാവികമായി ചെലവു കൂട്ടും.

വലിയ ടൈലുകൾ മിക്കവാറും വിട്രിഫൈഡ്, പോർസലൈൻ വിഭാഗത്തിൽ പെടുന്നവയാണ്. സെറാമിക് ടൈലുകൾ ഒരു പരിധിയിൽ അപ്പുറം വലുപ്പം വരാറില്ല. ഗ്ലോസി, മാറ്റ്, സിൽക്, റസ്റ്റിക്, ലെപോത്ര ഇങ്ങനെ എല്ലാ ഫിനിഷിലും സ്റ്റോൺ, തടി എന്നിങ്ങനെയുള്ള പ്രകൃതിദത്ത സാമഗ്രികളുടെ പാറ്റേണുകളായോ ഒറ്റ നിറമായോ ആണ് ഇത്തരം ടൈലുകൾ കൂടുതൽ വരുന്നത്.

ടൈലിന്റെ വലുപ്പം കൂടുന്നതനുസരിച്ച് വിരിക്കാൻ മികച്ച തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തണം.

നിർമാണത്തിൽ ടൈലിന് വളരെ ചെറിയ വളവുകളും നിരപ്പുവ്യത്യാസങ്ങളും ഉണ്ടാകാം. വലിയ ടൈലുകളിൽ ഇത്തരം നിരപ്പുവ്യത്യാസങ്ങൾ കൂടുതൽ ഉണ്ടാകും.

നല്ല പണിക്കാർ അല്ല വിരിക്കുന്നത് എങ്കിൽ ടൈലിനടിയിൽ എയർഗ്യാപ് വരാനും ഭാവിയിൽ ടൈൽ പൊള്ളിവരാനും സാധ്യതയുണ്ട്. മുറിയുടെ വലുപ്പം അനുസരിച്ചു വേണം ടൈലിന്റെ വലുപ്പം തിരഞ്ഞെടുക്കാൻ.

ടൈൽ കട്ട് ചെയ്യുമ്പോൾ വേസ്റ്റേജ് കുറവുള്ള രീതിയിൽ ആകണം. മുറിയുടെ വലുപ്പം ടൈലിന്റെ വലുപ്പത്തിന്റെ ഗുണിതങ്ങളിൽ പെട്ടതാണെങ്കിൽ വേസ്റ്റ് കുറയ്ക്കാം.

വലിയ ടൈലുകൾക്കിടയിൽ ജോയിന്റ് ഇടുന്നതാണ് നല്ലത്. ടൈലിന് സ്വാഭാവികമായുള്ള സങ്കോച വികാസങ്ങൾ വരുമ്പോൾ ടൈൽ കേടാവാതിരിക്കാൻ ആണ് ഈ വിടവ് കൊടുക്കുന്നത്.

വലിയ ടൈൽ ആണെങ്കിലും സാധാരണത്തേതുപോലെ പരുക്കൻ ഇട്ട് ഗ്രൗട്ടോ പശയോ വച്ച് ഒട്ടിക്കാം. കാൽ മുതൽ അര ഇഞ്ച് വരെ കനത്തിൽ പശ വച്ചാണ് ഒട്ടിക്കുന്നത്.

content courtesy: fb group