പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കണമെങ്കിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ താമസിക്കാൻ തക്ക രീതിയിലുള്ള ഒരു വീട് ആയിരിക്കണം നിർമ്മിക്കേണ്ടത്.
കാരണം ഓരോ വർഷം കഴിയുന്തോറും നമുക്ക് പ്രായമാകുന്നു എന്ന ചിന്ത മനസ്സിൽ കണ്ടു കൊണ്ട് വീട് നിർമ്മിച്ചില്ല എങ്കിൽ വയസ്സു കാലത്ത് കഷ്ടപ്പെടേണ്ടി വരും.
മാത്രമല്ല പ്രായമായ മാതാപിതാക്കൾ മക്കളോടൊപ്പം താമസിക്കുന്നുണ്ട് എങ്കിൽ അവർക്ക് പ്രത്യേക പരിഗണന നൽകി വേണം വീടിന്റെ ഓരോ മുക്കും മൂലയും ഡിസൈൻ ചെയ്യാൻ.
ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ, ബാത്ത്റൂം ഡിസൈൻ ചെയ്യേണ്ട രീതി എന്നിവയിലെല്ലാം വളരെയധികം പ്രാധാന്യമുണ്ട്.
ഏതെങ്കിലും കാരണവശാൽ പ്രായമായ മാതാപിതാക്കളെ വീട്ടിലാക്കി ജോലി ആവശ്യങ്ങൾക്കും മറ്റും പോകേണ്ടി വരുമ്പോൾ അവരുടെ സുരക്ഷയ്ക്ക് കരുതൽ ഒരുക്കാനായി പ്രത്യേക അലാമുകൾ, സിസിടിവി എന്നിവ വീട്ടിൽ സ്ഥാപിച്ച് നൽകാവുന്നതാണ്.
പ്രായമായവർക്ക് പരിഗണന നൽകി വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍
പ്രധാനമായും കിച്ചൺ, ബാത്ത്റൂം പോലുള്ള ഏരിയകളിൽ വെള്ളത്തിന്റെ അംശം കൂടുതൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് അതിനനുസരിച്ച് വേണം ടൈലുകൾ തിരഞ്ഞെടുക്കാൻ.
കൂടുതൽ ഗ്രിപ്പ് ലഭിക്കുന്ന രീതിയിലുള്ള ടൈലുകൾ തന്നെ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.
ടൈലിൽ ഗ്ലോസി ഫിനിഷിംഗ് വരുന്ന മെറ്റീരിയലുകൾ ഒഴിവാക്കി മാറ്റ് ഫിനിഷിങ് മെറ്റീരിയലാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ നല്ലത്.
ചരിവുള്ള ഭാഗങ്ങൾ, ബാത്റൂം എന്നിവിടങ്ങളിൽ പ്രത്യേകം ഹാൻഡ് റെയിലുകൾ നൽകാൻ ശ്രദ്ധിക്കണം.
ഫ്ലോറിങ്ങിന് ഗ്രിപ്പ് ഉള്ള ടൈലുകൾ നൽകുകയാണെങ്കിൽ നടക്കാൻ പ്രയാസമുള്ളവർക്ക് സ്റ്റിക്ക് കുത്തിയാലും വഴുതി പോകുമെന്ന പേടി ഉണ്ടാവില്ല.
പ്രായമായവർ ഉള്ള വീടുകളിൽ കട്ടി കൂടിയ റഗ്, കാർപെറ്റ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
ബാത്ത്റൂം നല്കുമ്പോള്
റഫ് ടൈപ്പ് ടൈലുകൾ നോക്കി വേണം ബാത്ത്റൂമിലേക്ക് തിരഞ്ഞെടുക്കാൻ. കുളിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാനും, ക്ലോസറ്റിനോട് ചേർന്നും ഹാൻഡ് റെയിലുകൾ നൽകാവുന്നതാണ്.
കുളിക്കാനുള്ള ഷവറുകൾ ഹാൻഡ് ടൈപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.തണുപ്പും ചൂടും വെള്ളം ലഭിക്കാനായി ഡൈവേർട്ടറുകൾ നൽകുന്നത് പ്രായമായവർക്ക് എളുപ്പമാകില്ല.അതു കൊണ്ട് 2 വ്യത്യസ്ത ടാപ്പുകൾ നൽകാവുന്നതാണ്.
ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.
പ്രായമായവർ ഉള്ള വീടുകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. കൂടുതൽ കുനിഞ്ഞു നിന്ന് പണികൾ ചെയ്യാതിരിക്കാൻ ഡ്രോയറു നൽകുമ്പോൾ കുറച്ച് പൊക്കത്തിൽ ആയി നൽകാണുന്നതാണ്.ഫർണീച്ചറുകൾ നൽകുമ്പോൾ അവ ഒരു സൈഡ് ഭാഗത്തായി അറേഞ്ച് ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്.അല്ലെങ്കിൽ നടക്കുമ്പോഴും മറ്റും തട്ടി വീഴാനുള്ള സാധ്യത കൂടുതലാണ്.
സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയിൽ വേണം നടപ്പാത ഒരുക്കാൻ. ബെഡ് നൽകുമ്പോൾ കൂടുതൽ ഹൈറ്റ് ഉള്ള രീതിയിൽ നൽകാതെ ഇരിക്കുന്നതാണ് നല്ലത്.ബെഡ്റൂമിൽ എളുപ്പത്തിൽ ഓൺ ചെയ്യാവുന്ന രീതിയിൽ വേണം സ്വിച്ചുകൾ നൽകാൻ. പ്രായമായവർക്ക് വേണ്ടി മുറിയൊരുക്കുമ്പോൾ കൂടുതൽ വെന്റിലേഷൻ സൗകര്യം നൽകാനായി ശ്രദ്ധിക്കണം. ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ കൂൾ ലൈറ്റുകൾ നൽകാവുന്നതാണ്. പെയിന്റിംഗ് ചെയ്യാൻ ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ലൈറ്റ് നിറങ്ങളാണ് കൂടുതൽ നല്ലത്. വായു, വെളിച്ചം എന്നിവ ലഭിക്കുന്ന രീതിയിൽ വേണം മുറി പൂർണമായും സജ്ജീകരിക്കാൻ.
പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍ ഈ കാര്യങ്ങൾക്കു കൂടി ശ്രദ്ധ നൽകിയാൽ.