സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബെഡ്റൂമുകൾ.
ഒരു ദിവസത്തെ അലച്ചിൽ മുഴുവൻ കഴിഞ്ഞ് വിശ്രമിക്കാനായി എത്തുന്ന ഒരിടം എന്ന രീതിയിൽ ബെഡ്റൂമുകളെ കണക്കാക്കാം.
അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടു കൂടി ഡിസൈൻ ചെയ്യേണ്ട ഒരു ഭാഗം തന്നെയാണ് വീടുകളുടെ ബെഡ്റൂം.
വ്യത്യസ്ത പേരുകൾ നൽകി ബെഡ്റൂമുകളെ തരം തിരിക്കുന്നുണ്ടെങ്കിലും അവയുടെ നിർമ്മാണ രീതിയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല എന്നതാണ് സത്യം.
മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം , ഗസ്റ്റ് റൂം എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ബെഡ്റൂം വളരെ സിമ്പിൾ ആയും അതേ സമയം കൂടുതൽ സൗകര്യങ്ങളോടും കൂടി നൽകാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അവ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.
സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.
പഴയ കാലത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി വളരെ മിനിമൽ ആയ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് ബെഡ്റൂം ഡിസൈൻ ചെയ്യാനാണ് ഇപ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന നിറങ്ങൾ, കർട്ടൻ, ബെഡ്ഷീറ്റ് എന്നിവയിൽ എല്ലാം തന്നെ ഈ ഒരു വ്യത്യാസം കാണാനും സാധിക്കും.
ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ് ആണ് ബെഡ്റൂമിന് വേണ്ടി തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ സ്പേസ് ഉള്ളതായി തോന്നിപ്പിക്കാൻ സാധിക്കും.
അതേ സമയം വെളിച്ചം വരാൻ ഇഷ്ടപ്പെടാത്തവർക്ക് ഡാർക്ക് നിറത്തിലുള്ള ഡബിൾ ലെയർ കർട്ടനുകൾ, ഡാർക്ക് ഷേഡുള്ള പെയിന്റ് എന്നിവയെല്ലാം ബെഡ്റൂമിന് വേണ്ടി തിരഞ്ഞെടുക്കാം.
കുട്ടികൾക്ക് വേണ്ടി ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾ ആയിരിക്കില്ല വലിയവരുടെ ബെഡ്റൂമുകൾ ക്ക് അനുയോജ്യമായ നിറങ്ങൾ.
അതേസമയം ഓരോരുത്തരുടെയും അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ ബെഡ്റൂം ഒരു ക്കാവുന്നതാണ്.
ബെഡ്റൂമിന്റെ ഏതെങ്കിലും ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്യുന്നതിനായി വാൾപേപ്പറുകൾ ടെക്സ്ചർ വർക്കുകൾ, ക്ലാഡിങ് വർക്കുകൾ, എന്നിവ നൽകാവുന്നതാണ്.
ബെഡ്റൂമിൽ ഒരു ടിവി സജ്ജീകരിച്ച് നൽകുന്നുണ്ടെങ്കിൽ ബെഡിനോട് ഓപ്പോസിറ്റ് ആയി വരുന്ന ഭാഗത്ത് ചെറിയ ഒരു പാനൽ നൽകി ടിവി നൽകാവുന്നതാണ്.
ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ
മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ അധികം ഫർണിച്ചറുകൾ നൽകി ബെഡ്റൂം അലങ്കോലമാക്കേണ്ട.ബെഡിനോട് ചേർന്ന് തന്നെ ഒരു ചെറിയ ടേബിൾ സജ്ജീകരിച്ച് നൽകാവുന്നതാണ്. ബെഡുകൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റോറേജ് ടൈപ്പ് തിരഞ്ഞെടുത്താൽ കൂടുതൽ സ്ഥലം ലാഭിക്കാൻ സാധിക്കും.
ബെഡ്റൂമിന്റെ അളവ്, ഉപയോഗം എന്നിവ അനുസരിച്ച് കിംഗ്,ക്വീൻ സൈസ് ബെഡുകൾ തിരഞ്ഞെടുക്കാം. കട്ടിലിന് അനുയോജ്യമായ അതേ അളവിൽ തന്നെ വേണം മെത്തകൾ തിരഞ്ഞെടുക്കാൻ. റൂമിന്റെ നിറം, കർട്ടൻ എന്നിവയോട് യോജിക്കുന്ന പാറ്റേണിലും നിറത്തിലുമുള്ള ബെഡ്ഷീറ്റുകൾ, കുഷ്യൻ എന്നിവ നൽകിയാൽ കൂടുതൽ ഭംഗി ലഭിക്കും. ഗസ്റ്റ് ബെഡ് റൂമിലേക്ക് ആവശ്യമായ കർട്ടനുകളും, ബെഡ്ഷീറ്റുകളും ഒരു ജോഡി മാറ്റി വക്കാവുന്നതാണ്.
ഫ്ലോറിങ് ചെയ്യുമ്പോൾ
ബെഡ്റൂമിലേക്ക് ആവശ്യമായ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ വലിയ ആഡംബരം നൽകേണ്ട ആവശ്യമില്ല. ബെഡ്റൂമിൽ ഫർണിച്ചറുകൾ കാരണം കുറച്ചു ഭാഗത്തെ ഫ്ലോറിങ് മാത്രമാണ് കാണുന്നവരുടെ ശ്രദ്ധയിൽ പെടുകയുള്ളൂ.അതുകൊണ്ടുതന്നെ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ മാത്രം നല്ല ഡിസൈനിലുള്ള ടൈലുകളും മറ്റ് ഭാഗത്ത് ലൈറ്റ് ഡിസൈനുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
ബെഡ്റൂമിൽ ആവശ്യത്തിന് വെന്റിലേഷൻ സൗകര്യങ്ങൾ ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക. വായു,വെളിച്ചം എന്നിവ ആവശ്യാനുസരണം ലഭിക്കുന്ന രീതിയിൽ വേണം ബെഡ്റൂം ഒരുക്കാൻ.
സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ മനസിലാക്കി ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.