വീട്ടാവശ്യത്തിനുള്ള തടി സർക്കാരിൽനിന്ന് ലേലം കൊള്ളാൻ സുവർണാവസരം

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാൽ വീട്ടിലിരുന്ന്‌ തന്നെ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വെക്കുന്ന നിശ്ചിത ശതമാനം തടി ഗാര്‍ഹിക ആവശ്യക്കാര്‍ക്ക്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ട്‌. അതുകൊണ്ട് തന്നെ പുതുതായി വീട്‌ വെക്കുന്നവര്‍ക്ക്‌ ശുഭകരമായ ഒരു വാർത്ത തന്നെയാണ് ഇത്.
പരമാവധി എട്ട്‌ ക്യൂബിക്‌ മീറ്റര്‍ മരം വരെ ഗാര്‍ഹിക ആവശ്യങ്ങൾക്കായ്‌ വാങ്ങാൻ സാധിക്കും.
തടിമില്ലുകളില്‍നിന്ന്‌ വാങ്ങുന്നതിനെക്കാള്‍ വളരെ ലാഭമാണ്‌ ഡിപ്പോയിൽ നിന്ന് മരം വാങ്ങുന്നത്‌.

ക്യുബിക്‌ മീറ്റര്‍ എന്ന കണക്കിലാണ്‌ വില്‍പന. 35 ക്യൂബിക്‌ അടിക്ക്‌
സമാനമാണ്‌ ഒരു ക്യൂബിക്‌ മീറ്റര്‍.ലേലകേന്ദ്രത്തില്‍ ലോട്ടുകളായി അടുക്കിയ മരം നേരിൽ കണ്ട്‌
ബോധ്യപ്പെട്ടശേഷം ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. വനംവകുപ്പിന്റെ പോർട്ടലിൽ
രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ്‌ ലേലത്തിൽ പങ്കെടുക്കാനാവുക. 573 രൂപയാണ്‌
രജിസ്ട്രേഷന്‍ ഫീസ്‌. രജിസ്ട്രേഷന്‌ ഒരു വര്‍ഷത്തെ കാലാവധിയുണ്ട്‌. അതിനാൽ ഒരു തവണ ലേലത്തില്‍ മരം കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും ശ്രമിക്കാം.

പാന്‍കാര്‍ഡ്‌, ബാങ്ക്‌ അക്കാണ്ട്‌, ഇമെയില്‍ വിലാസം എന്നിവ മാത്രം മതി രേഖകളായി. സാധാരണക്കാര്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ തടിയുടെ ചില്ലറ വില്‍പനയും നടത്തുന്നുണ്ട്‌. പരമാവധി അഞ്ച്‌ ക്യൂബിക്‌ മീറ്റര്‍ വരെ തേക്കുതടി വാങ്ങാം. രണ്ട്‌ ബി, സി ക്ലാസുകളില്‍പെട്ട തടിയാണ്‌ ഇങ്ങനെ ലഭിക്കുക. മരത്തെിന്റ്‌ ഇനം, വണ്ണം, നീളം എന്നിവ കണക്കിലെടുത്താണ്‌ വില
നിശ്ചയിക്കുക.

സംസ്ഥാനത്ത്‌ ആറ്‌ വനം ഡിവിഷനുകളുണ്ട്‌. കോഴിക്കോട്‌,പാലക്കാട്‌, പെരുമ്പാവൂര്‍, കോട്ടയം, പുനലൂര്‍, തിരുവനന്തപുരം എന്നിവയാണത്‌. ഓരോ ഡിവിഷനു കീഴിലും
നാലോ അഞ്ചോ മരം ഡിപ്പോകളുണ്ട്‌. തേക്ക്‌, ഈട്ടി, പ്ലാവ്‌, ആഞ്ഞിലി, മരുത്‌, ഇരൂള്‍, വെൺതേക്ക്‌, ചടച്ചി എന്നിവയാണ്‌ കിട്ടാനിടയുള്ള പ്രധാന മരങ്ങള്‍.

നിങ്ങളുടെ വീട്ടാവശ്യങ്ങൾ മനസ്സിലാക്കി വേണം ഇനം നിശ്ചയിക്കാന്‍. കട്ടില, ജനൽ എന്നിവക്ക്‌
ഉറപ്പുകൂടിയ മരങ്ങളാണ്‌ വേണ്ടത്‌.ലേലത്തില്‍ പങ്കെടുക്കുന്നവർ തേക്ക്‌, ഈട്ടി എന്നിവ വാങ്ങാന്‍ നിരതദ്രവ്യമായി 50,000 രൂപ അടക്കേണ്ടതുണ്ട്. പടുമരങ്ങള്‍ക്കുള്ള നിരതദ്രവ്യം 25,000 രൂപയാണ്.

ലേലം നിശ്ചയിച്ച തുകക്ക്‌ പുറമെ 28 ശതമാനം നികുതി കൂടി ലേലംകൊണ്ടയാള്‍ അടക്കേണ്ടതുണ്ട്. ഓണ്‍ലൈനായോ ട്രഷറി മുഖാന്തരമോതുക അടക്കാം.

ആവശ്യം കണക്കാക്കാം

വീട്ടാവശ്യത്തിന്‌ എത്ര മരം വേണമെന്ന കണക്കെടുപ്പാണ്‌ ആദ്യം വേണ്ടത്‌.
ആശാരിയുടെയോ എന്‍ജിനീയറുടെയോ ആര്‍ക്കിടെക്ടിന്റയോ സഹായത്തോടെ വേണം ഈ കണക്കെടുക്കാൻ. അത്യാവശ്യം ഫര്‍ണിച്ചറിനുവേണ്ട മരംകൂടി ഒരുമിച്ചെടുക്കുന്നത് നല്ലതാണ്.

മരം വാങ്ങാന്‍ പോകുമ്പോള്‍ മരത്തെക്കുറിച്ച്‌ നല്ല ധാരണയുള്ള ആരെയെങ്കിലും കൂടെ കരുതുക.
മൂന്നു തരത്തില്‍ തടി വാങ്ങാം. മരം ഡിപ്പോയില്‍നിന്ന്‌ വാങ്ങുന്നതാണ്‌ ഒരു രീതി. മരം വാങ്ങി ഈര്‍ച്ചമില്ലില്‍നിന്ന്‌ അറുത്തെടുക്കുന്നതാണ്‌ മറ്റൊന്ന്‌. വാതിലും ജനലുമടക്കം നിര്‍മിച്ചുവെച്ചവ വാങ്ങുന്നതാണ്‌ അവസാനത്തേത്‌. വേണ്ടത്ര സമയമുണ്ടെങ്കില്‍ മരം വാങ്ങിഅറുത്തെടുക്കുന്നതാണ്‌ ലാഭകരം.

വണ്ണംകൂടിയ മരത്തിനാണ്‌ വില കൂടുതൽ.വണ്ണം കൂടിയതിന് വേസ്റ്റ്‌ കുറവായിരിക്കും . അങ്ങനെ തിരഞ്ഞെടുക്കുന്നതാണ് ആദായകരം. 150 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള തടി
ഒന്നാം ക്ലാസ്‌ പട്ടികയില്‍ വരും. ജനലുകളുടെയും കട്ടിലകളുടെയും നീളവും വീതിയും എല്ലാം ഉറപ്പിച്ചശേഷം വേണം തടിവാങ്ങാനും അറുത്ത്‌ പണിത്തരമാക്കാനും. ഇതില്‍ ശ്രദ്ധ കുറഞ്ഞാല്‍ പണികിട്ടും. മരവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ ആര്‍ക്കിടെക്ടുമായി പങ്കുവെക്കാന്‍ മടിക്കരുത്‌.

നാടൻ ഇനങ്ങൾ

വീട് നിര്‍മാണ ചിലവിന്റെ 15 ശതമാനത്തോളം തടിക്ക്‌ വേണ്ടിവരും.വാതില്‍, ജനല്‍, മേല്‍ക്കൂര, ഫര്‍ണിച്ചർ തുടങ്ങിയവയാണ് വീടുനിര്‍മാണത്തിലെ മരപ്പണികളില്‍ പ്രധാനം. മരപ്പണികളെല്ലാം തേക്കിൽ വേണമെന്ന്‌ വാശിപിടിക്കാതിരുന്നാല്‍ ചെലവ്‌ ഗണ്യമായി കുറയ്ക്കാൻ കഴിയും .

ഈട്‌, ഉറപ്പ്‌, ഭംഗി എന്നിവ പരിഗണിച്ച്‌ പറ്റിയ മരങ്ങൾ ഉപയോഗിക്കുക. കട്ടില, ജനല്‍ എന്നിവക്ക്‌
ഉറപ്പുകൂടിയ മരങ്ങളാണ്‌ വേണ്ടത്‌. മഹാഗണി, ആഞ്ഞിലി, പ്ലാവ്‌, കരിമരുത്‌, ഇരൂള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള തടിത്തരങ്ങൾ തെരഞ്ഞെടുക്കുന്നത് ചെലവ്‌ മൂന്നിലൊന്നായി കുറയ്ക്കും. വാതിലിനും അലമാരക്കും തേക്ക്‌, പ്ലാവ്‌, വീട്ടി തുടങ്ങിയവയാണ് നല്ലത്. ജനല്‍ ഫ്രയിമിന്‌ മഹാഗണിപോലുള്ള തടികൾ ഉപയോഗിക്കാം.

തടിയും വിലയും

നിറവും ഡിസൈനും നോക്കിയാണ്‌ മരവും മൂപ്പും തിരിച്ചറിയുന്നത്‌. കറുപ്പുകലര്‍ന്ന
നിറമാണ്‌ ഈട്ടിക്ക്‌. അത്യാവശ്യം വണ്ണുമുള്ളവക്ക്‌ ക്യൂബിക്‌ അടിക്ക്‌ 5500 രൂപയാണ്‌ പരമാവധി വില. വട്ടത്തിലുള്ള ഡിസൈനും മഞ്ഞകലര്‍ന്ന ബ്രണ്‍ൺ നിറവുമാണ്‌ തേക്കിന്‌. ക്യൂബിക്‌ അടിക്ക്‌ 4500 രൂപ വിലവരും. മൂത്ത പ്ലാവിന്‌ മഞ്ഞനിറമാണ്‌. പരമാവധി വില 1500 രൂപ. പ്ലാവിന്‍ തടിയില്‍ 25, 35 ശതമാനം വെള്ളയുണ്ടാവും. ഇതില്‍ ചിതൽ ആക്രമണത്തിന്‌ സാധ്യത ഏറെയാണ്‌.
അതുകൊണ്ടുതന്നെ വെള്ളമരം നിര്‍മാണാവശ്യത്തിന്‌ ഉപയോഗിക്കാനാവില്ല.

ആഞ്ഞിലിക്ക്‌ ഇളം മഞ്ഞനിറവും ശരാശരി 1,800 രൂപ വിലയുമുണ്ട്‌. നന്നായി ഉണങ്ങിയ ശേഷം മാത്രമേ മഹാഗണി പണിത്തരമാക്കാന്‍ പാടുള്ളൂ. ക്യൂബിക്‌ അടിക്ക്‌ ശരാശരി 1,200 രൂപയാണ്‌ വില. മരുത്‌ മൂന്നുതരമുണ്ടെങ്കിലും മഞ്ഞമരുതാണ്‌ വീട്ടാവശ്യത്തിന്‌ നല്ലത്‌. 1,500 രൂപയാണ്‌
ശരാശരി വില. പെട്ടെന്ന്‌ വളയാന്‍ ഇടയുള്ളതാണ്‌ മറ്റു മരുതുകളുടെ ദോഷം.