ഏതൊരു വീട്ടിലും പ്രധാന സ്ഥാനം അർഹിക്കുന്നവർ കുട്ടികൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ കുട്ടികൾക്കുള്ള മുറി സജ്ജീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. സാധാരണ റൂമുകളിൽ നിന്നും വ്യത്യസ്തമായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പെയിന്റ് തിരഞ്ഞെടുക്കുമ്പോഴുമെ ല്ലാം ഒരു പ്രത്യേക ശ്രദ്ധ കുട്ടികളുടെ മുറിക്ക് നൽകാവുന്നതാണ്.
പ്രത്യേകിച്ച് കുട്ടികളുടെ ഇഷ്ടം ചോദിച്ചറിഞ്ഞ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്യുകയാണെങ്കിൽ അവ കൂടുതൽ മികച്ചതാകും. മുറിക്ക് കുറച്ച് അലങ്കാരം നൽകുന്നതിനായി വ്യത്യസ്ത ഷേഡുകൾ കൂട്ടി കലർത്തിയുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം.
എന്നാൽ വളരെയധികം തിളക്കമുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നത് കുട്ടികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നതിന് കാരണമായേക്കാം. കൂടാതെ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. കുട്ടികൾ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ മുറി എങ്ങിനെ തയ്യാറാക്കി നൽകാമെന്നാണ് ഇവിടെ വിശദമാക്കുന്നത്.
1) മുറിക്ക് വീതി കൂടുതൽ നൽകാം.
എപ്പോഴും കുട്ടികൾക്കായി നിർമ്മിക്കുന്ന മുറി കുറച്ച് വിശാലമായി നൽകുന്നതാണ് നല്ലത്. കൂടുതൽ വായു,വെളിച്ചം എന്നിവ മുറിയിലേക്ക് കടക്കുന്ന രീതിയിൽ വേണം സജ്ജീകരിക്കാൻ.
മറ്റ് മുറികളിൽ ഉള്ളതുപോലെ ഫർണിച്ചറുകൾ കൂടുതലായി നൽകേണ്ട ആവശ്യമില്ല. ഇത് അഭംഗി നൽകും എന്ന് മാത്രമല്ല പലപ്പോഴും അവയിൽ തട്ടി അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
കുട്ടികൾക്ക് ആവശ്യത്തിന് ഓടി നടക്കാനും കളിക്കാനും ഉള്ള സ്ഥലം റൂമിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം തന്നെ പുസ്തകങ്ങൾ കളിപ്പാട്ടങ്ങൾ എന്നിവ സ്റ്റോർ ചെയ്യുന്നതിന് ഒരു പ്രത്യേക സ്റ്റോറേജ് സ്പേസ് നൽകാവുന്നതാണ്.
ബെഡ് തിരഞ്ഞെടുക്കുമ്പോൾ സോഫാ കം ബെഡ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് മുറിയുടെ സ്ഥലം ലാഭിക്കാൻ സഹായിക്കും.
ഒന്നിൽ കൂടുതൽ കുട്ടികൾ മുറി ഉപയോഗിക്കുന്നുണ്ടെങ്കിൽ മർഫി ബെഡ്ഡുകൾ തിരഞ്ഞെടുക്കാം. അതായത് മർഫി ബെഡുകൾ ഉപയോഗിക്കുമ്പോൾ അവ ബെഡ് ആയും പിന്നീട് ചുമരിലേക്ക് ചാരി മടക്കി വയ്ക്കാനും സാധിക്കും.
2) മുറിയുടെ ചുമരുകളിൽ കുട്ടിയുടെ ഇഷ്ടാനുസരണം വാൾപേപ്പറുകൾ നൽകാം.
സാധാരണ മുറികളിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ മുറികൾക്ക് ഇഷ്ടമുള്ള ക്യാരക്ടർ ചുമരുകളിൽ നൽകാവുന്നതാണ്. ഇത് അവർക്ക് മുറി ഉപയോഗിക്കാൻ കൂടുതൽ ഇഷ്ടമുള്ളതാക്കാൻ സഹായിക്കും.
ഒരു നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതിനു പകരം ഒന്നിൽ കൂടുതൽ നിറങ്ങൾ ഉപയോഗപ്പെടുത്താം.
കുട്ടിക്ക് ഇഷ്ടമുള്ള സൂപ്പർ ഹീറോ അല്ലെങ്കിൽ കാർട്ടൂൺ ക്യാരക്ടർ എന്നിവയുടെ ചിത്രങ്ങൾ ചുമരിൽ നൽകുന്നത് കൂടുതൽ ശ്രദ്ധ നൽകുന്നതിന് കാരണമാകും
. കുട്ടിക്ക് ചിത്രകലയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള ഒരു അവസരവും ചുമരിൽ പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടിയുടെ സർഗാത്മകത കൂടുതൽ വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്നു.
3) പഠനാവശ്യത്തിനുള്ള ഫർണിച്ചറുകൾ ഒരുക്കുമ്പോൾ
ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ് പഠനകാലം. അതുകൊണ്ടുതന്നെ പഠനത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും മുറിയിൽ ഒരുക്കണം.
സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വേണ്ടി റൂം ഒരുക്കുമ്പോൾ അവിടെ ഒരു സ്റ്റഡി ടേബിൾ നിർബന്ധമായും നൽകാനായി ശ്രദ്ധിക്കണം.
അല്ലാത്തപക്ഷം അവർ ഡൈനിങ് ടേബിൾ,ബെഡ് എന്നിവ പഠനത്തിനായി തിരഞ്ഞെടുക്കും. ഇത് അത്ര നല്ല കാര്യമല്ല. പഠനം രസകരമാക്കാൻ അതിന്റെ ഭാഗമായി പഠന മേശകൾ ചിത്രങ്ങൾ ഉള്ളതും കൂടുതൽ നിറങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിച്ചതും നൽകാം. പ്രത്യേക ആകൃതിയിൽ ഡിസൈൻ ചെയ്ത മേശകളും കസേരകളും കുട്ടികളുടെ പഠനം രസകരമാക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.
4) നിറങ്ങളിൽ പരീക്ഷിക്കാം മാന്ത്രികത.
കുട്ടികളുടെ മനസ്സിനെയും വികാരത്തെയും സ്വാധീനിക്കുന്നതിനുള്ള കഴിവ് നിറങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ഇഷ്ടപ്പെടുന്ന നിറങ്ങളാണ് മുറിയിൽ നൽകേണ്ടത്.
ഒരു കുട്ടിയുടെ സർഗാത്മകത, തലച്ചോറിന്റെ വളർച്ച, പഠനം എന്നിവയുടെ കാര്യത്തിൽ മുറിയിൽ നൽകിയിട്ടുള്ള നിറങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്.
വീട്ടിൽ ഉള്ള ദിവസം കുട്ടികൾ ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് അവരുടെ ബെഡ്റൂമിൽ ആണ് എന്ന കാര്യം ഒരിക്കലും മറക്കരുത്. ലൈറ്റ് നിറങ്ങളായ് പിങ്ക് ബ്ലൂ പോലുള്ള നിറങ്ങൾ കുട്ടികളുടെ റൂമിന് അനുയോജ്യമായ നിറങ്ങളാണ്. കൂടുതൽ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് ഉചിതം.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ത്രീഡി പെയിന്റിംഗ് സ്റ്റിക്കറുകൾ കുട്ടികൾക്ക് ഇഷ്ടമാണെങ്കിൽ മുറിയിൽ നൽകാവുന്നതാണ്.
സീലിംഗ് നൽകുമ്പോൾ നക്ഷത്രങ്ങൾ പോലുള്ള പാറ്റേണുകൾ നൽകുന്നത് കുട്ടികളെ അട്രാക്ട് ചെയ്യുന്നതിന് സഹായിക്കും.അതല്ല എങ്കിൽ അത്തരത്തിലുള്ള സ്റ്റിക്കറുകൾ സീലിംഗ്ൽ ഒട്ടിച്ച് നൽകാവുന്നതാണ്.
പുസ്തകങ്ങൾ അടുക്കിവയ്ക്കുന്നതിനായി ഒരു ചെറിയ ലൈബ്രറി സെറ്റ് ചെയ്ത് നൽകാവുന്നതാണ്. കുട്ടികൾക്ക് ഇഷ്ടമുള്ള പാവകൾ , ടെഡി ബെയർ എന്നിവ ഷെൽഫിൽ നൽകുന്നതും കുട്ടികളിൽ മുറിയോടുള്ള ഇഷ്ടം വർദ്ധിപ്പിക്കും.